വിമർശകയ്ക്ക് നേരെ അധിക്ഷേപം; ഫിറോസ് കുന്നംപറമ്പിലിന്റെ തനി നിറം പുറത്ത്

കൊച്ചി: തന്നെ വിമർശിച്ച യുവതിയെ നിലവാരം കുറഞ്ഞവാക്കുകൾ ഉപയോഗിച്ചും വേശ്യയെന്ന് അധിക്ഷേപിച്ചും ഫിറോസ് കുന്നംപറമ്പിലിന്റെ വീഡിയോ. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി ഫിറോസ് പോയിരുന്നു. ഇതിനെ വിമർശിച്ച് രംഗത്തെത്തിയ ജസ്‌ല മാടശ്ശേരിയെയാണ് സാമൂഹ്യപ്രവർത്തകൻ എന്ന ലേബലിൽ പ്രശസ്തനായ ഫിറോസ് അധിക്ഷേപിച്ച് സ്വയം പരിഹാസ്യനായിരിക്കുന്നത്. കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവിലെത്തിയായിരുന്നു ഫിറോസിന്റെ അധിക്ഷേപം.

‘ഞാൻ ചെയ്യുന്നതെല്ലാം തെറ്റും നിങ്ങൾ പറയുന്നത് ശരിയും അതെങ്ങിനെ ശരിയാവും മഞ്ചേശ്വരം സ്ഥാനാർത്ഥിയോടൊപ്പമുള്ള ഫോട്ടോ വച്ച് എന്നെ ഉപദേശിക്കാൻ വരുന്നവരോട്..’ എന്ന തലക്കെട്ടിലാണ് ഫിറോസ് ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ടത്.

മുസ്ലിം ലീഗ് സ്ഥാനാർത്ഥിയോടുള്ള ബഹുമാനം കൊണ്ടാണ് താൻ പോയതെന്നും അതിലൊന്നും നിങ്ങൾ തലയിടേണ്ട എന്നുമൊക്കെ പറയുന്ന ലൈവ് വീഡിയോയിൽ കുടുംബത്തിൽ ഒതുങ്ങാത്ത, നാട്ടുകാർ ഒക്കെ മോശം പറയുന്ന, പച്ചയ്ക്ക് വേശ്യാവൃത്തി നടത്തുന്ന ഒരു സ്ത്രീ എന്നാണ് ജസ്‌ല മാടശ്ശേരിയെ ഇയാൾ വിശേഷിപ്പിക്കുന്നത്.

ഫേസ്ബുക്കിൽ എന്തെങ്കിലുമൊക്കെ എഴുതിയാൽ ഫിറോസ് കുന്നംപറമ്പലിന് ഒന്നും സംഭവിക്കില്ലെന്നും അവനവന്റെ ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ എന്തെങ്കിലും പറഞ്ഞാൽ ഫിറോസ് കുന്നംപറമ്പലിന് ഒരു ചുക്കും സംഭവിക്കില്ലെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. സ്വന്തം മാനം കാക്കാനാണ് എല്ലാവരും ജീവിക്കുന്നത്. എന്നാൽ ഇതൊന്നും നോക്കാതെ കണ്ടവന് മുന്നിൽ സ്വന്തം ശരീരം കാഴ്ചവെയ്ക്കുന്നവരാണ് എനിക്കെതിരെ ഈ രൂപത്തിൽ എഴുതുന്നതെന്നുമാണ് പേരെടുത്ത് പറയാതെ ജസ്ലയ്‌ക്കെതിരെ ഇയാൾ അശ്ലീല പ്രയോഗം നടത്തിയത്.

ഇതിനിടെ വർഗ്ഗീയ പ്രയോഗവും നടത്താനും ഫിറോസ് മടിക്കുന്നില്ല. എനിക്ക് എതിരെ മാത്രമല്ല, പ്രവാചകനെ വരെ അവരുടെ പേജിലൂടെ അവഹേളിച്ച സ്ത്രീയാണ് ഇവരെന്നും ഫിറോസ് ആരോപിക്കുന്നുണ്ട്. ആ സ്ത്രീയിട്ട പോസ്റ്റും പൊക്കിപിടിച്ച് കൊണ്ട് തന്നെ വിമർശിക്കാൻ വരേണ്ടെന്നും ആ സ്ത്രീയോട് പുച്ഛം മാത്രമുള്ളൂവെന്നും ഫിറോസ് പറയുന്നു.

അതേസമയം, അസ്ലാം അലൈക്കും പറഞ്ഞ്, മതത്തിന്റെ എല്ലാ നന്മകളുമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന ഒരാൾ പറയുന്ന വാക്കുകളാണോ ഇതെന്നും ഇസ്ലാമിക നിയമപ്രകാരം ഒരു സ്ത്രീക്ക് നേരെ ലൈംഗികാരോപണം ഉന്നയിക്കാൻ എന്തൊക്കെയാണ് ചട്ടങ്ങൾ എന്നറിയുമോ എന്നും തിരിച്ചു ചോദിച്ചു കൊണ്ട് ജസ്‌ലയും രംഗത്തെത്തിയിട്ടുണ്ട്. നിയമനടപടികൾ ജസ്‌ല സ്വീകരിച്ചേക്കുമെന്നാണ് സൂചന.

ഇതിനിടെ, ഫേസ്ബുക്ക് നന്മ മരത്തിന്റെ യഥാർത്ഥ മുഖം ഈ വാക്കുകളിലൂടെ വെളിപ്പെട്ടിരിക്കുകയാണെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. തന്നെ വിമർശിച്ചതിന്റെ പേരിൽ ഒരു സ്ത്രീക്ക് നേരെ ഉപയോഗിച്ച ഭാഷയിലൂടെ ഇയാളുടെ അസഹിഷ്ണുതയാണ് വെളിപ്പെട്ടതെന്നും ഇനിയെങ്കിലും ഈ കപട മുഖമുള്ള ഇയാളെ വെറുതെ ഉയർത്തി കാണിച്ച് നടക്കാതിരിക്കാം എന്നും സോഷ്യൽമീഡിയ പറയുന്നു. വിഷയത്തിൽ ജസ്‌ല മാടശ്ശേരിക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കാനും സോഷ്യൽമീഡിയ തയ്യാറായി. സുനിതാ ദേവദാസ് ഉൾപ്പടെയുള്ളവരും ജസ്‌ലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version