സഹായം നൽകിയതായി സംശയം; മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ റെയ്ഡ്

ഏതെങ്കിലും തരത്തിൽ സഹായിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായാണ് റെയ്ഡ് എന്നാണ് സൂചന.

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീന്റെ വീട്ടിലും കടയിലും പോലീസ് റെയ്ഡ്. കൂടത്തായി പൊന്നാമറ്റം വീട്ടിലെ കൊലപാതക പരമ്പരയിലെ പ്രതി ജോളിയെ ഏതെങ്കിലും തരത്തിൽ സഹായിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായാണ് റെയ്ഡ് എന്നാണ് സൂചന. മൊയ്തീന് ജോളിയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പോലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി ഇമ്പിച്ചി മൊയ്തീനെ നിരവധി തവണ ഫോണിൽ വിളിച്ചിരുന്നതായാണ് കോൾ ഹിസ്റ്ററി രേഖകൾ തെളിയിക്കുന്നത്. അഭിഭാഷകനെ ഏർപ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് ജോളി തന്നെ വിളിച്ചതെന്ന് ഇമ്പിച്ചി മൊയ്തീൻ പോലീസിന് മൊഴിയും നൽകിയിരുന്നു.

അതേസമയം, ഷാജുവിന്റെ മകളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ദിവസം സിലിയേയും കൊല്ലാൻ ശ്രമിച്ചിരുന്നെന്നു ജോളി അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു. എന്നാൽ വീട്ടിൽ നടന്ന ചടങ്ങിലെ തിരക്ക് തടസമായി. സയനൈഡ് കലർത്തിയ ഭക്ഷണം കുഞ്ഞിന് കൊടുക്കുമ്പോൾ സിലിയേയും കഴിക്കാൻ നിർബന്ധിച്ചെങ്കിലും ബ്രെഡ് കഴിച്ച് അസ്വസ്ഥയായ കുട്ടി നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നെന്നാണ് ജോളിയുടെ മൊഴി.

രണ്ടാംവട്ടമാണ് സിലിയെ കൊലപ്പെടുത്താനുള്ള ശ്രമം വിജയിച്ചത്. പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ശനിയാഴ്ച പകൽ മുഴുവൻ ജോളിയെ മാത്രമാണ് വടകര റൂറൽ എസ്പി ഓഫിസിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. തുടർ ചോദ്യം ചെയ്യലിൽ നിർണായക തെളിവുകളിലേക്കുള്ള സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Exit mobile version