മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും; ബജ്രംഗ്ദൾ വിടുകയാണെന്ന് ഗോപിനാഥൻ കൊടുങ്ങല്ലൂർ

തൃശ്ശൂർ: ജയിൽ വാസവും തീവ്രരാഷ്ട്രീയത്തോടുള്ള മടുപ്പും കാരണം രാഷ്ട്രീയ ബജ്രംഗ്ദൾ സംഘടനയുടെ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ഗോപിനാഥൻ കൊടുങ്ങല്ലൂർ സംഘടന വിട്ടു. താൻ സ്വമേധയാ സംഘടനാ പ്രവർത്തനം നിർത്തുകയാണെന്ന് ഗോപിനാഥൻ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു എന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് താൻ സംഘടന വിടുന്ന കാര്യം ഗോപിനാഥൻ അറിയിച്ചിരിക്കുന്നത്.

വിശ്വസ്ഥതയും ആത്മാർത്ഥതയും ഫേസ്ബുക്കിൽ മാത്രം പോരാ പ്രവർത്തിയിൽ ആണ് കാണിക്കേണ്ടതെന്നും ഞാൻ പ്രവർത്തിച്ച സംഘടനയ്ക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്‌കാരമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. രാഷ്ട്രീയ ബജ്രംഗ്ദൾ എന്ന സംഘടനയുടെ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുകയാണെന്നും ഇനി ഫേസ്ബുക്കിൽ അല്ല പ്രവർത്തകരുടെ കൂടെ നിന്നാണ് പ്രവർത്തിക്കേണ്ടതെന്നും വിശദീകരിച്ചാണ് പോസ്റ്റ്.

അതേസമയം, കഴിഞ്ഞ മണ്ഡലകാലത്ത് നിലയ്ക്കലിൽ അക്രമം കാണിച്ച സംഘപരിവാർ പ്രവർത്തകരെ പോലീസ് നേരിടുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവുമായുള്ള സാമ്യത ഗോപിനാഥന് പാരയായിരുന്നു. സുമേഷ് കാവിപ്പടയുടെ നിലയ്ക്കൽ ഓട്ടം എന്ന പേരിൽ സോഷ്യൽമീഡിയ ഏറെ ട്രോളിയ ആ ചിത്രം ഗോപിനാഥൻ കൊടുങ്ങല്ലൂരിന്റേതാണ് എന്നായിരുന്നു പ്രചാരണം. എന്നാൽ, ഇത് താനല്ലെന്നു വാദിച്ച് ഗോപിനാഥനും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടും സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറയുന്നത് തുടരുകയാണ്. ഗോപിനാഥനെ പരിചിതനാക്കിയത് ആ ചിത്രമാണ്.

Exit mobile version