സവർണ-അവർണ വേർതിരിവ് ഉണ്ടാക്കാൻ സർക്കാർ ശ്രമം; സമദൂരമല്ല, ശരിദൂരം തന്നെയെന്ന് ജി സുകുമാരൻ നായർ

ചങ്ങനാശേരി: ഉപതെരഞ്ഞെടുപ്പ് അടുത്ത വേളയിൽ എൻഎസ്എസ് വലതുപക്ഷത്തോട് ചായുന്നു. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചും രാഷ്ട്രീയ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തി. ഉപതെരഞ്ഞെടുപ്പിൽ എൻഎസ്എസ് സമദൂരത്തിനു പകരം ശരിദൂരം അടിസ്ഥാനമാക്കുമെന്നു സുകുമാരൻ നായർ പറഞ്ഞു. വിജയദശമി നായർ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സവർണ-അവർണ വേർതിരിവ് ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ കലാപമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏതാണു ശരിദൂരമെന്നു സമുദായാംഗങ്ങൾക്ക് അറിയാം. എൻഎസ്എസിനു രാഷ്ട്രീയമില്ല. എന്നാൽ നാട്ടിൽ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യങ്ങളും സാമുദായിക സമവാക്യങ്ങളും കണക്കിലെടുത്ത് ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി, ആചാരാനുഷ്ഠാനങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനു ശരിദൂരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version