മൂന്നാര്‍ ഗ്യാപ്പ് റോഡിലുണ്ടായ മണ്ണിടിച്ചില്‍; കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇന്നലെ വൈകീട്ടാണ് ക്രെയിന്‍ ഉപയോഗിച്ച് പാറകള്‍ നീക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മണ്ണിടിഞ്ഞ് അപകടം ഉണ്ടായത്

ഇടുക്കി: കഴിഞ്ഞ ദിവസം കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ മൂന്നാര്‍ ലോക്കാട് ഗ്യാപ്പില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് ദിണ്ഡിക്കല്‍ സ്വദേശി ഉദയന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് ക്രെയിന്‍ ഉപയോഗിച്ച് പാറകള്‍ നീക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മണ്ണിടിഞ്ഞ് അപകടം ഉണ്ടായത്.

മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് റോഡ് പണിയിലേര്‍പ്പെട്ടിരുന്ന ക്രെയിന്‍ ഓപ്പറേറ്റര്‍ തമിഴരശനും സഹായി ഉദയനും മണ്ണിനടിയില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അപകടത്തില്‍ നിന്ന് സംഭവസ്ഥലത്ത് നിന്നും മണ്ണ് നീക്കുകയായിരുന്ന ടിപ്പര്‍ ലോറിയിലെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

ഒരു മാസം മുമ്പ് വന്‍തോതില്‍ മണ്ണിടിച്ചിലില്‍ ഉണ്ടായതിനു സമീപത്ത് തന്നെയാണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം മണ്ണിടിഞ്ഞ് റോഡ് ബ്ലോക്കായത് കാരണം ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മേഖലയില്‍ ഇപ്പോഴും അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിനടിയില്‍ അകപ്പെട്ടയാളെ കണ്ടെത്താനുള്ള തെരച്ചില്‍ രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്.

Exit mobile version