ഭയന്നിട്ടാണ് ഒന്നും പറയാതിരുന്നത്

ഭാര്യ സിലി സംശയിച്ചതായി അറിയില്ലെന്നും ഷാജു പറഞ്ഞു.

കോഴിക്കോട്: തനിക്ക് മുമ്പ് തന്നെ എല്ലാ സത്യങ്ങളും അറിയാമായിരുന്നെന്ന് ഷാജുവിന്റെ വെളിപ്പെടുത്തൽ. ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നാൽ ഭയം കാരണമാണ് പുറത്തുപറയാതിരുന്നത്. ജോളി തന്നേയും കൊലപ്പെടുത്തുമെന്ന് ഭയപ്പെട്ടിരുന്നെന്നും ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു അന്വേഷണസംഘത്തിന് മൊഴി നൽകി. ഭയം കാരണമാണ് നേരത്തെ പറയാതിരുന്നത്. ജോളി തന്നെയും വധിക്കുമെന്നു ഭയന്നിരുന്നു. അധ്യാപകനായിരുന്ന താൻ ചെയ്യാൻ പാടില്ലാത്ത തെറ്റാണു ചെയ്തതെന്നും ഷാജു പറഞ്ഞു.

നേരത്തെ കൊലപാതകങ്ങളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നെന്നും പോലീസ് അറസ്റ്റിനു ശേഷമാണ് താൻ എല്ലാം അറിഞ്ഞതെന്നുമായിരുന്നു ഷാജുവിന്റെ മൊഴി. താൻ നിരപരാധിയാണെന്നും അതുകൊണ്ടാണു അന്വേഷണസംഘം കസ്റ്റഡിയിൽ എടുക്കാതിരുന്നതെന്നും ഷാജു പറഞ്ഞിരുന്നു. ജോളിയുടെ ആദ്യഭർത്താവിന്റെ മരണത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയ കാര്യം കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുക്കാനെത്തിയപ്പോഴാണു താൻ അറിഞ്ഞതെന്നും ഷാജു പറഞ്ഞിരുന്നു. അതേസമയം, ജോളി എൻഐടി അധ്യാപികയായിരുന്നെന്നു പറഞ്ഞതും കള്ളമാണെന്ന് ഷാജുവിന് അറിയാമായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.

റോയിക്കു കടുത്ത മദ്യപാനശീലമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. റോയിക്ക് അനേകം പണമിടപാടുള്ളതായി കേട്ടിരുന്നതിനാൽ ആത്മഹത്യയാണോ എന്നും സംശയിച്ചിരുന്നു. മരണത്തിനു മുമ്പ് റോയി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയത് അറിഞ്ഞിരുന്നില്ല. ഹൃദയാഘാതമാണെന്നു കരുതിയിരുന്നെന്നും ഷാജുവിന്റെ മൊഴിയിലുണ്ട്.

സിലി 3 മാസം ഗർഭിണിയായിരിക്കെ ചിക്കൻപോക്സ് വന്നിരുന്നു. കുട്ടിക്ക് അസുഖം വരാൻ സാധ്യതയുണ്ടെന്നു പറഞ്ഞിരുന്നു. വൃക്കയ്ക്ക് അണുബാധ വന്നപ്പോൾ മിംസ് ആശുപത്രിയിൽ പോയി മരുന്നും കൊടുത്തിരുന്നു. ഇതിനിടെയാണു മകന്റെ ആദ്യകുർബാന ദിവസം ഭക്ഷണം കഴിച്ചു മകൾ മരിച്ചത്. എന്നാൽ ജോളിയെക്കുറിച്ചു ഭാര്യ സിലി സംശയിച്ചതായി അറിയില്ലെന്നും ഷാജു പറഞ്ഞു.

മകൾ മരിച്ചു മാസങ്ങൾക്കുശേഷം കുട്ടികളുണ്ടാകാനായി ഉള്ളിയേരിയിൽ ആയുർവേദ ചികിത്സ നടത്താൻ സിലി ആവശ്യപ്പെട്ടിരുന്നു. ചികിത്സ തുടങ്ങിയശേഷം ഒരു ദിവസം അപസ്മാരബാധ വന്ന സിലിയെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. അന്ന് മരിച്ചുപോകുമെന്നു ഭയന്നതായി ഡോക്ടർമാർ പറഞ്ഞെന്നു സിലി പിന്നീട് പറഞ്ഞിരുന്നു. അപ്രതീക്ഷിതമായി സിലി കുഴഞ്ഞുവീണു മരിച്ചപ്പോൾ പഴയ രോഗമാണെന്നാണു കരുതിയതെന്നും ഷാജു പറഞ്ഞിരുന്നു.

Exit mobile version