ശബരിമല: നിയന്ത്രണങ്ങള്‍ ദര്‍ശനത്തെ ബാധിക്കുന്നില്ല; എല്ലാ സൗകര്യങ്ങളുമുണ്ടെന്നും ദര്‍ശനം കഴിഞ്ഞിറങ്ങിയ ഭക്തര്‍

സന്നിധാനത്ത് പോലീസ് നിയന്ത്രണങ്ങള്‍ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് ഇന്ന് രാവിലെ ദര്‍ശനം പൂര്‍ത്തിയാക്കി മലയിറങ്ങിയ അയ്യപ്പഭക്തര്‍.

പമ്പ: സന്നിധാനത്ത് പോലീസ് നിയന്ത്രണങ്ങള്‍ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് ഇന്ന് രാവിലെ ദര്‍ശനം പൂര്‍ത്തിയാക്കി മലയിറങ്ങിയ അയ്യപ്പഭക്തര്‍. ശബരിമല ദര്‍ശനത്തിന് പോലീസിന്റെ നിയന്ത്രണങ്ങള്‍ ബാധിക്കുന്നില്ലെന്ന് പൊതുവെ ഉത്സാഹക്കുറവുണ്ടെങ്കിലും ബുദ്ധിമുട്ടില്ലാതെ ദര്‍ശനം പൂര്‍ത്തിയാക്കാനായെന്ന് ഭക്തര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം.

‘ഞങ്ങള്‍ എല്ലാ വര്‍ഷവും ഇതുപോലെ വരാറുള്ളതാണ്. എല്ലാവര്‍ക്കുമിടയില്‍ ഉത്സാഹക്കുറവുണ്ട്. എന്നാലും ദര്‍ശനത്തിനും മറ്റും സൗകര്യക്കുറവൊന്നുമില്ല. മറ്റുള്ളവര്‍ക്ക് പൊതുവെ ഒരു ആശങ്കയാണ് എന്താണ്, എന്താണ് എന്നുള്ളത്. പക്ഷെ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടൊന്നുമുണ്ടായില്ല.’

നെയ്യഭിഷേകം നടത്താന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നെങ്കിലും അഭിഷേകം നടത്താന്‍ സാധിച്ചെന്നും ഇവര്‍ പറഞ്ഞു.

‘നെയ്യഭിഷേകം നടത്താന്‍ സാധിച്ചു, അക്കാര്യത്തിലായിരുന്നു ടെന്‍ഷന്‍. കാരണം 10 മണി കഴിഞ്ഞാല്‍ അവിടെനിന്ന് മലയിറങ്ങണം. നെയ്യഭിഷേകം നടത്താന്‍ കഴിയില്ല എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ ഭംഗിയായി ചെയ്യാന്‍ പറ്റി. ഞങ്ങള്‍ക്കവിടെ താമസിക്കാനും പറ്റി. ഇന്ന് കാലത്താണ് മലയിറങ്ങിയത്.’

‘കഴിഞ്ഞ വര്‍ഷത്തേക്കാളും പോലീസ് വളരെ സൈലന്റാണ്. നല്ല രീതിയിലാണ് പെരുമാറുന്നത്.’ പോലീസിന്റെ ഭാഗത്ത് നിയന്ത്രണങ്ങളുണ്ടെങ്കിലും അവര്‍ നല്ല രീതിയിലാണ് തീര്‍ത്ഥാടകരോട് സഹകരിക്കുന്നതെന്നും മലയിറങ്ങിയവര്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് നടതുറന്നപ്പോള്‍ സന്നിധാനത്തെത്തിയ തീര്‍ത്ഥാടകരാണിവര്‍.

Exit mobile version