രാത്രി യാത്രാ നിരോധനം: പ്രതിഷേധക്കാർക്ക് വേണ്ടി രാജ്യത്തെ പ്രഗത്ഭനായ അഭിഭാഷകനെ തന്നെ നിയോഗിക്കുമെന്ന് രാഹുൽ ഗാന്ധി

ഈ വിഷയത്തിൽ ഇടപെട്ട് ശരിയായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൽപ്പറ്റ: കോഴിക്കോട്-കൊല്ലെഗൽ ദേശീയപാതയിലെ രാത്രിയാത്രാ നിരോധന വിഷയത്തിൽ ഇടപെട്ട് വയനാട് എംപി രാഹുൽ ഗാന്ധി. വിഷയം നിയമപരമായി കൈകാര്യം ചെയ്യാൻ രാജ്യത്തെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകനെ തന്നെ നിയോഗിക്കുമെന്ന് അദ്ദേഹം വയനാട്ടിലെ സമരപന്തലിൽ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നായി ചേർന്ന് പോകുന്ന ഈ വിഷയത്തിൽ ഇടപെട്ട് ശരിയായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്-കൊല്ലഗൽ 766 ദേശീയപാതയിലെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നാവശ്യപ്പെട്ട് വയനാട്ടിലെ ബത്തേരിയിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന യുവജനസംഘടനാ പ്രതിനിധികളെ സന്ദർശിക്കവേയാണ് രാഹുൽ വിഷയത്തിൽ പ്രതികരിച്ചത്. നിരാഹാരസമരം പത്താംദിവസത്തിലേക്ക് കടക്കുന്ന വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്കാണ് രാഹുൽ ഗാന്ധി സമരപന്തലിലെത്തിയത്.

‘എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ ഒന്നായി ചേർന്നിരിക്കുകയാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം ഈ വിഷയത്തിലില്ല. ഈ പ്രശ്നം കാര്യക്ഷമമായി പരിഹരിക്കണം. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ഇത് സാധ്യമായിട്ടുണ്ട്. അതിവിടെയും സംഭവിക്കേണ്ടതുണ്ട്. വയനാട്ടിലെ ജനങ്ങളോട് അനുഭാവപൂർവ്വമായ ഇടപെടൽ ആവശ്യമാണ്’, രാഹുൽ പറഞ്ഞു.

പാർട്ടിയുടെ നിയമവിദഗ്ധരുമായി സംസാരിച്ചിട്ടുണ്ട്. ആവശ്യമായ ഇടപെടൽ വേണമെന്ന് പറഞ്ഞിട്ടുണ്ട്. ഈ രാജ്യത്തേറ്റവും പ്രഗത്ഭനായ അഭിഭാഷകനെ ഈ വിഷയം കൈകാര്യം ചെയ്യാൻ നിയോഗിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. വിഷയം പാർലമെന്റിൽ ഉന്നയിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. മുഖ്യമന്ത്രി ഈ വിഷയത്തിൽ വയനാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധിക്കൊപ്പം കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി എന്നിവരും സമരപന്തലിലെത്തിയിരുന്നു.

Exit mobile version