ചരിത്രം തിരുത്തി ഇവർ; ഇന്ത്യൻ കോഫി ഹൗസിൽ ജോലി സമ്പാദിച്ച് ഈ സ്ത്രീകൾ

കോഫി ഹൗസിന്റെ തന്നെ ഇതാദ്യമായാണ് സ്ത്രീകൾ വെയിറ്റർമാരായി ജോലിയിൽ പ്രവേശിച്ചത്.

തിരുവനന്തപുരം: ഇന്ത്യൻ കോഫി ഹൗസിൽ ഇനി കോഫിയുമായി സ്ത്രീ വെയ്റ്റർമാർ എത്തിയാൽ സ്ഥലം മാറി പോയോ എന്ന് ശങ്കിക്കേണ്ട. ചരിത്രം തിരുത്തി ഇന്ത്യൻ കോഫി ഹൗസിലും സ്ത്രീകൾ ജോലി നേടിയിരിക്കുകയാണ്. കോഫി ഹൗസിന്റെ തന്നെ ഇതാദ്യമായാണ് സ്ത്രീകൾ വെയിറ്റർമാരായി ജോലിയിൽ പ്രവേശിച്ചത്.

തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിന് സമീപമുള്ള കോഫി ഹൗസിലാണ് രണ്ടു സ്ത്രീകൾ ജീവനക്കാരായി ചുമതലയേറ്റത്. സ്ത്രീകൾക്ക് നിയമനം നൽകുന്ന പതിവില്ലാതിരുന്ന കോഫി ഹൗസിൽ ജോലി ലഭിക്കാനായി വലിയ പോരാട്ടമാണ് ഇവർ നടത്തിയത്. 1958 ൽ കോഫി ഹൗസ് തുടങ്ങിയതു മുതൽ സ്ത്രീകളെ ഇവിടെ ജോലിക്കെടുത്തിരുന്നില്ല. രാത്രി ഷിഫ്റ്റുകൾ ഉള്ളതിനാലാണ് സ്ത്രീകളെ പരിഗണിക്കാതിരുന്നത്. എന്നാൽ ഇവർ ആ കീഴ്‌വഴക്കത്തിന് മാറ്റം കൊണ്ടുവന്നിരിക്കുന്നു.

ഇരുവരും ആശ്രിത നിയമനം വഴിയാണ് ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. ആറുമാസത്തെ ട്രെയിനിങ് കാലയളവ് കഴിയുമ്പോൾ യൂണിഫോമും തലപ്പാവുമൊക്കെയണിഞ്ഞാകും ഇവരും മറ്റ് വെയ്റ്റർമാരെ പോലെ ജോലിചെയ്യുക.

Exit mobile version