സ്ത്രീ ശബ്ദത്തിൽ കൃത്രിമം നടന്നിട്ടുണ്ട്; ദൃശ്യങ്ങളുടെ പകർപ്പ് ലഭിക്കാൻ അവകാശമുണ്ടെന്ന് ദിലീപ്

ദൃശ്യങ്ങൾ ക്ലോൺ ചെയ്ത് നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

ന്യൂഡൽഹി: തനിക്ക് നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ പകർപ്പിന് അവകാശമുണ്ടെന്ന് വാദിച്ച് നടൻ ദിലീപ് സുപ്രീംകോടതിയിൽ. ദൃശ്യങ്ങൾക്കൊപ്പമുള്ള സ്ത്രീ ശബ്ദത്തിൽ കൃത്രിമം നടത്തിയിട്ടുണ്ട്. ഇത് തെളിയിക്കാൻ ദൃശ്യങ്ങൾ ക്ലോൺ ചെയ്ത് നൽകണമെന്നും സുപ്രീംകോടതിയിൽ എഴുതി തയ്യാറാക്കിയ വാദത്തിൽ ദിലീപ് ആവശ്യപ്പെട്ടു.

അതേസമയം, ദിലീപിന് ദൃശ്യങ്ങളുടെ പകർപ്പു നൽകാൻ പാടില്ലെന്നും മറിച്ചാണു കോടതിയുടെ തീരുമാനമെങ്കിൽ ദുരുപയോഗം തടയാൻ കടുത്ത നിബന്ധനകൾ വയ്ക്കണമെന്നും സംസ്ഥാന സർക്കാരും വാദം ഉന്നയിച്ചു. കേസിന് ആധാരമാക്കുന്ന രേഖയെന്ന നിലയ്ക്കു ദൃശ്യങ്ങളുടെ പകർപ്പ് പ്രതിക്ക് അവകാശപ്പെട്ടതാണെന്നും അതിലെ തിരിമറികൾ ഫോറൻസിക് പരിശോധനയിലൂടെ തെളിയിക്കാനാവുമെന്നും ദിലീപിനുവേണ്ടി മുകുൾ റോഹത്ഗി നേരത്തെ വാദിച്ചിരുന്നു.

എന്നാൽ, ദൃശ്യങ്ങൾ പകർത്തുകയെന്നതായിരുന്നു ലക്ഷ്യമെന്നും ആ ദൃശ്യങ്ങളുടെ പകർപ്പു നൽകുന്നത് നടിയുടെ സ്വകാര്യത സംബന്ധിച്ച മൗലികാവകാശത്തിന്റെ ലംഘനമാകുമെന്നും ഇടപെടൽ അപേക്ഷ നൽകിയ നടിക്കുവേണ്ടി ആർ ബസന്തും കെ രാജീവും കഴിഞ്ഞ മാസം കോടതിയിൽ വാദിച്ചിരുന്നു.

വിചാരണക്കോടതി നേരത്തെ അനുവദിച്ചതുപോലെ, ദൃശ്യങ്ങൾ കാണുന്നതിന് പ്രതിക്കു തടസ്സമില്ലെന്നും പകർപ്പ് നൽകുന്നത് ദുരുപയോഗത്തിനു വഴിവയ്ക്കുമെന്നുമാണ് സർക്കാരിന്റേയും വാദം. നടിയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സർക്കാരും കോടതിയിൽ സ്വീകരിച്ചത്.

Exit mobile version