പട്ടികജാതി വിഭാഗക്കാരുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ട് സർക്കാരിന്റെ വിവിധ പദ്ധതികൾ; വീട് വെയ്ക്കാനും വിവാഹത്തിനും ഉൾപ്പടെ ധനസഹായം

മിശ്രവിവാഹത്തെ തുടർന്നുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെ അതിജീവിക്കാനായും തൊഴിൽ സംരംഭം ആരംഭിക്കാനായുമാണ് ഈ ഗ്രാന്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിന്റെ സാമൂഹികമായ ഉന്നമനം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്നത് വിവിധ പദ്ധതികൾ. പട്ടികജാതി വിഭാഗക്കാർക്കായി വിവിധ സൗജന്യ വിദ്യാഭ്യാസ- തൊഴിൽ പദ്ധതികൾ നടപ്പാക്കിയ സർക്കാർ, ഗൃഹനിർമ്മാണത്തിനും വിവാഹമുൾപ്പടെയുള്ളവയ്ക്കുള്ള ചെലവുകൾ വഹിക്കുന്ന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

ഭൂരഹിത പുനരധിവാസ പദ്ധതിയിലൂടെ സ്വന്തമായി കിടപ്പാടമില്ലാത്ത പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി ഭൂമി വാങ്ങിക്കാൻ ആറ് ലക്ഷം രൂപവരെ സർക്കാർ ധനസഹായം നൽകുന്നു. ഗ്രാമപ്രദേശങ്ങളിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിക്കാനും മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പ്രദേശങ്ങളിൽ 3 സെന്റ് സ്ഥലം വാങ്ങിക്കാനുമാണ് സർക്കാർ സഹായം ലഭിക്കുക. ഗ്രാമപ്രദേശങ്ങളിൽ മൂന്ന് ലക്ഷം വരേയും മുൻസിപ്പാലിറ്റികളിൽ 4.5 ലക്ഷം രൂപ വരേയും നഗരസഭകളിൽ 6 ലക്ഷം രൂപവരേയുമാണ് സർക്കാർ ധനസഹായം.

സ്വന്തമായി ഭൂമിയുള്ള പടിടകജാതി കുടുംബങ്ങൾക്ക് ഗൃഹനിർമ്മാണത്തിനായും പട്ടികജാതി ക്ഷേമവകുപ്പ് ധനസഹായം നൽകുന്നുണ്ട്. മൂന്ന് ലക്ഷം രൂപവരെയാണ് സഹായധനം. വീടിന്റെ നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലായി നാല് തവണകളായാണ് പണം ലഭിക്കുക. ഗ്രാമസഭകളാണ് അർഹരായവരെ കണ്ടെത്തുക.

വീടിന്റെ അറ്റകുറ്റപ്പണികൾക്കും പുതിയ മുറി കൂട്ടിച്ചേർക്കാനും 50,000 രൂപ വരെ സർക്കാർ ധനസഹായം നൽകിവരുന്നു. 7 മുതൽ 25 വർഷം വരെ പഴക്കമുള്ള വീടുകൾക്കാണ് സഹായം ലഭിക്കുക. രണ്ട് തുല്യ ഗഡുക്കളായാണ് സർക്കാർ സഹായം നൽകുന്നത്. വരുമാന പരിധി 50,000 രൂപ.

സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി പ്രകാരം 50,000 രൂപയിൽ താഴെ വരുമാനമുള്ളവർക്കായി പ്രത്യേക പുനരധിവാസ പദ്ധതിയും സർക്കാർ ഒരുക്കിയിരിക്കുന്നു. വേടൻ, നായാടി, ചക്ലിയ/ അരുന്ധതിയാർ, കള്ളാടി എന്നീ ദുർബല വിഭാഗങ്ങൾക്കായാണ് ഈ പദ്ധതി. കുറഞ്ഞത് 5 സെന്റ് ഭൂമി വാങ്ങിക്കുന്നതിനും വീട് വെയ്ക്കുന്നതിനുമായി 7,25,000 രൂപ ഗ്രാന്റായി നൽകുന്നു. ധനസഹായത്തിന് അപേക്ഷിക്കുന്നവർ 55 വയസ് പിന്നിട്ടവരാകരുത്. 3.75 ലക്ഷം ഭൂമി വാങ്ങിക്കുന്നതിനും 3.50 ലക്ഷം രൂപ വീട് വെയ്ക്കുന്നതിനുമുള്ള സഹായധനമാണ്.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് വിവാഹധന സഹായമായി 75,000 രൂപ നൽകുന്നുണ്ട്. ബന്ധപ്പെട്ട രേഖകളുമായി പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചാൽ ഗ്രാന്റ് ലഭിക്കും. വരുമാനപരിധി 50,000 രൂപ.

മിശ്രവിവാഹിതരായ ദമ്പതിമാർക്കും സർക്കാരിന്റെ വിവാഹധനസഹായത്തിന് അർഹതയുണ്ടായിരിക്കും. (ദമ്പതിമാരിൽ ഒരാൾ പട്ടികജാതിയിൽപ്പെട്ട ആളായിരിക്കണം.) വിവാഹത്തെ തുടർന്നുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെ അതിജീവിക്കാനായും തൊഴിൽ സംരംഭം ആരംഭിക്കാനായുമാണ് ഈ ഗ്രാന്റ് നൽകുന്നത്. വിവാഹശേഷം മൂന്ന് വർഷത്തിനുള്ളിൽ ഗ്രാന്റിനായി അപേക്ഷ സമർപ്പിച്ചിരിക്കണം. രണ്ടുപേരുടേയും പ്രതിവർഷ വരുമാന പരിധി 1,00,000 രൂപയായിരിക്കണം.

പട്ടികജാതി കുടുംബങ്ങൾക്ക് ടോയ്‌ലറ്റ് നിർമ്മാണത്തിനായി സർക്കാർ 25,000 രൂപ വരെ സഹായധനം നൽകുന്നു. രണ്ട് തുല്യ തവണകളായാണ് സഹായധനം നൽകുക. അപേക്ഷകരുടെ പ്രതിവർഷ വരുമാനം 50,000 രൂപ കവിയരുത്.

അതിമാരക രോഗങ്ങൾ ബാധിച്ചവരും അത്യാഹിതങ്ങളിൽ പെട്ടവരുമായ 50,000 രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് പട്ടികജാതിവികസന വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക പേരിലുള്ള ദുരിതാശ്വാസ നിധിയിൽ നിന്നും 50,000 രൂപ വരെ ചികിത്സാസഹായം നൽകിവരുന്നു.അതിമാരക അസുഖങ്ങളായ കാൻസർ, ഹീമോഫീലയ, ഹൃദ്രോഗങ്ങൾ തുടങ്ങിയ ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപവരേയാണ് പട്ടികജാതി വികസന വകുപ്പ് ധനസഹായം നൽകുന്നത്.

പട്ടികജാതി വിദ്യാർത്ഥികളുടേയും യുവാക്കളുടേയും ക്ഷേമം ഉന്നമനം ലക്ഷ്യമിട്ട് ആനുകാലിക വിജ്ഞാനങ്ങൾ നേടാനും മത്സര പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും സഹായിക്കുന്ന കേന്ദ്രങ്ങളാണ് വിജ്ഞാൻ വാടികൾ. ഇന്റർനെറ്റ് സൗകര്യങ്ങളുള്ള കമ്പ്യൂട്ടറും വായനശാലകളും സജ്ജീകരിച്ചാണ് വിജ്ഞാൻ വാടിയുടെ പ്രവർത്തനം. ഇതിനുള്ള കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ടുസഹിതം ഈ പദ്ധതി നടപ്പാക്കി വരികയാണ്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഈ പദ്ധതി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി സങ്കേതങ്ങളോട് ചേർന്ന് 29 ഹോമിയോ ഹെൽത്ത് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റർ ചുറ്റളവിൽ മറ്റ് ആരോഗ്യപരിപാലന കേന്ദ്രങ്ങളില്ലാത്ത പട്ടികജാതി സങ്കേതങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Exit mobile version