മാസവരുമാനം 192 കോടി ആയിട്ടും കരകയറാനാവാതെ കെഎസ്ആര്‍ടിസി; ശമ്പള വിതരണം ഈ മാസവും പ്രതിസന്ധിയില്‍

കഴിഞ്ഞമാസം 192 കോടി രൂപ വരുമാനം ഉണ്ടായിട്ടും തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ് കെഎസ്ആര്‍ടിസിക്ക്

തിരുവനന്തപുരം: മാസവരുമാനം 192 കോടി ആയിട്ടും കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് യാതൊരു മാറ്റവുമില്ല. ഇത്തവണയും ശമ്പള വിതരണം പ്രതിസന്ധിയിലായി. കഴിഞ്ഞമാസം 192 കോടി രൂപ വരുമാനം ഉണ്ടായിട്ടും തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ് കെഎസ്ആര്‍ടിസിക്ക്. ഇതേ തുടര്‍ന്ന് സര്‍ക്കാരിനോട് അടിയന്തരസഹായം ആവശ്യപ്പെട്ടിരിക്കുകയാണ് കെഎസ്ആര്‍ടിസി.

എല്ലാ മാസവും സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ശമ്പള വിതരണത്തിനായി 20 കോടി അനുവദിക്കാറുണ്ട്. എന്നാല്‍ ഈ മാസം ഇതുവരെ ഇതിനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് സര്‍ക്കാരിനോട് അടിയന്തരസഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കഴിഞ്ഞ മാസം വരുമാനം 192 കോടിയില്‍ എത്തിയെങ്കിലും കഴിഞ്ഞ മാസത്തെ ശമ്പള വിതരണത്തിലെ ബാധ്യതയും, സ്‌പെയര്‍ പാര്‍ട്‌സിനും ഇന്ധനത്തിനുള്ള ചെലവും കഴിച്ച് കാര്യമായ നീക്കിയിരുപ്പ് ഇല്ലായിരുന്നു. ഇതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. ശമ്പള വിതരണത്തിനുളള സഹായത്തിനു പുറമേ 50 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നും കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version