തമ്മിൽ തല്ലിയവർ ദുബായിയിൽ കൈയ്യും കൊടുത്ത് സ്‌നേഹം പങ്കുവെച്ച് ഭായി ഭായി; പാലായിലെ ഗ്രൂപ്പ് തിരിഞ്ഞ് പോര് നടത്തിയ അണികൾക്ക് ചമ്മൽ

തിങ്കളാഴ്ച രാവിലെ ദുബായ് വിമാനത്താവളത്തിൽ നിന്ന് പകർത്തിയതാണ് എന്നാണ് വാർത്തകൾ പറയുന്നത്.

ദുബായ്: കേരളാ കോൺഗ്രസിന്റെ അര നൂറ്റാണ്ടിലേറെ നീണ്ട ആധിപത്യം അവസാനിപ്പിച്ച് പാലായിൽ എൽഡിഎഫ് വിജയിച്ച് കയറിയതോടെ പാർട്ടിക്കുള്ളിലും മുന്നണിയിലും ചേരിപ്പോര് തുടരുകയാണ്. കേരളാ കോൺഗ്രസിലെ ജോസ്-ജോസഫ് പോരാണ് പാർട്ടിയെ തോൽപ്പിച്ചതെന്നുള്ള പ്രചാരണങ്ങൾ ശക്തമായതിനിടെയാണ് അണികളെ അമ്പരപ്പിച്ച് ഒരു ചിത്രം സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പാലായിൽ ചെല്ലുമ്പോൾ പരസ്പരം യുദ്ധം ചെയ്യുന്ന പിജെ ജോസഫും ജോസ് കെ മാണിയും കേരളം വിട്ട് ദുബായിയിലെത്തിയപ്പോൾ കൈകൊടുത്ത് സ്‌നേഹം പങ്കുവെയ്ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

ജോസ് കെ മാണിയും പിജെ ജോസഫും അടക്കമുളള യുഡിഎഫ് നേതാക്കൾ ഒരുമിച്ച് ചിരിച്ചു നിൽക്കുന്ന ദുബായിയിൽ നിന്നും എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയാണിത്. ശത്രുതയെല്ലാം പഴങ്കഥയെന്ന പോലെ നേതാക്കൾ ചിരിച്ച് കൊണ്ടാണ് ഫോട്ടോയിൽ പോസ് ചെയ്തിരിക്കുന്നത്. പാലാ ഉപതെരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്തു വന്നതിന് ശേഷമുള്ള ഫോട്ടോയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാവിലെ ദുബായ് വിമാനത്താവളത്തിൽ നിന്ന് പകർത്തിയതാണ് എന്നാണ് വാർത്തകൾ പറയുന്നത്.

ജോസ് കെ മാണിയേയും പിജെ ജോസഫിനേയും കൂടാതെ കോൺഗ്രസ് എംപി ഡീൻ കുര്യാക്കോസ്, കേരള കോൺഗ്രസ് എംപി തോമസ് ചാഴിക്കാടൻ, ജനാധിപത്യ കേരള കോൺഗ്രസിന്റെ നേതാവ് ഫ്രാൻസിസ് ജോർജും ചിത്രത്തിലുണ്ട്. കഴിഞ്ഞദിവസം വരെ പരസ്പരം ശത്രുക്കളായിരുന്ന നേതാക്കളാണ് കേരളാ കോൺഗ്രസിലെ ജോസ് കെ മാണിയും പിജെ ജോസഫും. കേരള കോൺഗ്രസിൽ ഉടക്കി ഇടതുപക്ഷത്തേക്ക് ചാഞ്ഞ ഫ്രാൻസിസ് ജോർജ്ജിന്റെ ജനാധിപത്യ കേരള കോൺഗ്രസ് കേരളാ കോൺഗ്രസുമായി ശത്രുതയിലുമാണ്. ഈ നേതാക്കൾക്കൊപ്പം കോൺഗ്രസിന്റെ ഡീൻ കുര്യാക്കോസും ചിത്രത്തിലുണ്ട്. കത്തോലിക്ക കോൺഗ്രസിന്റെ 101ാം വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തിനാണ് നേതാക്കൾ ദുബായിലെത്തിയത്. അതേസമയം, പരസ്പരം പഴിചാരിയും തമ്മിലടിച്ചും കേരളത്തിൽ കഴിഞ്ഞ നേതാക്കൾ അതിർത്തി കടന്ന് സ്‌നേഹം പങ്കുവെയ്ക്കുമ്പോൾ പരസ്പരം തല്ലുകൂടിയ അണികൾക്കാണ് ചമ്മൽ മുഴുവനും.

Exit mobile version