വിവാദങ്ങൾ കെട്ടടങ്ങി; വയലാർ അവാർഡ് വിജെ ജെയിംസിന്റെ ‘നിരീശ്വരന്’

2017ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരവും നിരീശ്വരൻ നേടിയിരുന്നു.

തിരുവനന്തപുരം: 2019ലെ വയലാർ രാമവർമ മെമ്മോറിയൽ സാഹിത്യ അവാർഡ് സാഹിത്യകാരൻ വിജെ ജെയിംസിന്റെ ‘നിരീശ്വരൻ’ എന്ന കൃതിക്ക്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശിൽപവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. ഡോ. എകെ നമ്പ്യാർ, ഡോ. അനിൽകുമാർ വള്ളത്തോൾ, ഡോ. കെവി മോഹൻകുമാർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. 2017ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരവും നിരീശ്വരൻ നേടിയിരുന്നു.

വയലാർ പുരസ്‌കാരം വിജെ ജെയിംസിന് വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിശാഗന്ധി തീയ്യേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ഭക്തിയും വിശ്വാസവും കപടമായി മാറുന്ന കാലത്ത് വായനക്കാരന്റെ മനസ്സിൽ തിരിച്ചറിവിന്റെ ഒരുപാടു ചോദ്യങ്ങളുയർത്തുന്ന നോവലാണ് ‘നിരീശ്വരൻ’.

നേരത്തെ, വിജെ ജെയിംസിന്റെ നിരീശ്വരനെ മറികടന്ന് മലയാളത്തിലെ പ്രമുഖ കവിയും ഭാഷാ ഗവേഷകനും അധ്യാപകനുമായ വ്യക്തിയുടെ ആത്മകഥയ്ക്ക് വയലാർ അവാർഡ് നൽകാൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് അവാർഡ് നിർണയ സമിതി അംഗമായിരുന്ന പ്രൊഫ എംകെ സാനു നേരത്തെ രാജിവെച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അവാർഡിനായി സമ്മർദ്ദം ചെലുത്തിയതായി അറിഞ്ഞ സാഹചര്യത്തിലാണ് രാജിയെന്നായിരുന്നു സാനു വിശദീകരിച്ചത്. എന്നാൽ, ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾക്ക് ഒരുവിധത്തിലുള്ള സമ്മർദ്ദവുമുണ്ടായിട്ടില്ലെന്ന് ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനും ജഡ്ജിംഗ് കമ്മിറ്റി അംഗം കെവി മോഹൻകുമാറും പറഞ്ഞു.

Exit mobile version