മാലിന്യസംസ്‌കരണത്തിൽ വൻവീഴ്ച; തിരുവനന്തപുരം കോർപ്പറേഷന് 14.59 കോടി രൂപ പിഴ; അമ്പരപ്പ്

കേരളത്തിൽ ഇതാദ്യമായാണു മാലിന്യസംസ്‌കരണ രംഗത്തെ വീഴ്ചകൾക്കു തദ്ദേശ സ്ഥാപനത്തിന് ഇത്രയും വലിയ പിഴയിടുന്നത്.

തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിൽ വൻവീഴ്ച വരുത്തിയ തിരുവനന്തപുരം കോർപ്പറേഷന് ഭീമൻതുക പിഴ. തിരുവനന്തപുരം കോർപറേഷനു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 14.59 കോടി രൂപയാണ് പിഴയിട്ടത്. കേരളത്തിൽ ഇതാദ്യമായാണു മാലിന്യസംസ്‌കരണ രംഗത്തെ വീഴ്ചകൾക്കു തദ്ദേശ സ്ഥാപനത്തിന് ഇത്രയും വലിയ പിഴയിടുന്നത്.

കേന്ദ്ര ഗ്രീൻ ട്രൈബ്യൂണൽ ചട്ടപ്രകാരം പരിസ്ഥിതി നഷ്ടപരിഹാരമായാണു പിഴയിട്ടത്. കഴിഞ്ഞ വർഷം നവംബർ 22 മുതൽ ഈ വർഷം ജൂലൈ 31 വരെയുള്ള കാലത്തെ ചട്ടപ്രകാരമുള്ള പിഴയാണിത്. വിളപ്പിൽശാലയിലെ പ്ലാന്റ് അടച്ചുപൂട്ടിയതോടെ വീടുകളിൽ നിന്നുള്ള മാലിന്യശേഖരണത്തിലും സംസ്‌കരണത്തിലും കോർപ്പറേഷന്റെ ഭാഗത്തുനിന്നും വലിയ അനാസ്ഥയാണ് ഉണ്ടായതെന്നും ഈ അലംഭാവത്തിനാണ് പിഴയിട്ടതെന്നും ബോർഡിന്റെ നോട്ടീസിൽ പറയുന്നു. നോട്ടീസിനു 15 ദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.

നഗരപരിധിയിലെ 2.72 ലക്ഷം വീടുകളിൽ നിന്നു പ്രതിദിനം 383 ടൺ മാലിന്യമുണ്ടാകുന്നുണ്ട്. ഇതിൽ 175 ടൺ മാത്രമേ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നുള്ളൂ. നഗരങ്ങളിലെ ശുചിത്വത്തിന്റെ നിലവാരമറിയാൻ കേന്ദ്ര സർക്കാർ നടത്തിയ സർവേയിൽ 425 നഗരങ്ങളിൽ 365-ാം സ്ഥാനമാണു തിരുവനന്തപുരത്തിനു ലഭിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

Exit mobile version