അരൂരില്‍ മത്സരിക്കാനില്ല, എന്‍ഡിഎയ്ക്ക് ഒപ്പം പ്രചരണത്തിനിറങ്ങും; നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി

അരൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി തങ്ങള്‍ക്ക് ഉറപ്പുനല്‍കിയ സ്ഥാനങ്ങള്‍ ലഭിക്കാത്തത് കൊണ്ടാണ് ഈ പിന്മാറ്റം, എന്നാല്‍ എന്‍ഡിഎയ്ക്ക് ഒപ്പം പ്രചരണത്തിന് ഇറങ്ങുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം, സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കാനുള്ള, രാഷ്ട്രീയ തന്ത്രമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. അരൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായുള്ള ചൂടു പിടിച്ച ചര്‍ച്ച നടക്കുന്നതിന് ഇടയിലാണ് ബിഡിജെഎസിന്റെ പിന്‍മാറ്റം. അരൂരില്‍ മത്സരിക്കില്ലെന്ന കാര്യം അമിത് ഷായുമായി സംസാരിക്കുമെന്നും തുഷാര്‍ പറഞ്ഞു.

അരൂര്‍ നിയമസഭാ മണ്ഡലം എസ്എന്‍ഡിപി യോഗത്തിന് നിര്‍ണായക സ്വാധീനമുള്ള ഹിന്ദു ഭൂരിപക്ഷ മണ്ഡലമാണ്. യോഗം ജനറല്‍ സെക്രട്ടറിയുടെ തുടര്‍ച്ചയായി ഇടത് അനുകൂല പരാമര്‍ശങ്ങള്‍ക്കൊപ്പം, സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നുള്ള ഇപ്പോഴത്തെ പിന്‍മാറ്റം കൂടി ആയപ്പോള്‍ ബിഡിജെഎസ് കാലുവാരുമോയെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം.

അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് സ്ഥാനാര്‍ത്ഥികളായി. അരൂരില്‍ മനു സി പുളിക്കലും വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത്, കോന്നിയില്‍ ഡിവൈഎഫ്‌ഐയുടെ മറ്റൊരു സംസ്ഥാന വൈസ്.പ്രസിഡന്റ് കെയു ജനീഷ് കുമാര്‍, മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടിയേറ്റ് അംഗം സിഎച്ച് കുഞ്ഞമ്പു, എറണാകുളത്ത് എല്‍ഡിഎഫ് സ്വതന്ത്രനായി അഡ്വ.മനു റോയി എന്നിവരാണ് മത്സരിക്കുന്നത്.

Exit mobile version