തർക്കം തീരാതെ പിറവം; ഓർത്തഡോക്‌സ് വിഭാഗത്തെ പള്ളിയിൽ കയറ്റാതെ യാക്കോബായ വിഭാഗം; പള്ളിക്ക് മുന്നിൽ സംഘർഷം

പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് സഭാംഗങ്ങളെ പ്രധാന ഗേറ്റിനുള്ളിൽ പ്രവേശിപ്പിക്കാൻ യാക്കോബായ വിഭാഗം തയ്യാറാകാത്തതാണ്

പിറവം: പിറവം പള്ളി തർക്കത്തിൽ സുപ്രീംകോടതി ഇടപെടലുണ്ടായിട്ടും സംഘർഷത്തിന് അയവില്ല. പിറവം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്‌സ്- യാക്കോബായ സഭാംഗങ്ങൾ വീണ്ടും സംഘടിച്ചതോടെ സംഘർഷാവസ്ഥയ്ക്ക് കാരണമായി.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് സഭാംഗങ്ങളെ പ്രധാന ഗേറ്റിനുള്ളിൽ പ്രവേശിപ്പിക്കാൻ യാക്കോബായ വിഭാഗം തയ്യാറാകാത്തതാണ് സംഘർഷത്തിന് കാരണമായത്.

പള്ളിക്കുള്ളിൽ യാക്കോബായ സഭാംഗങ്ങൾ മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പള്ളി വിട്ടുനൽകില്ലായെന്ന നിലപാടിലാണ് യാക്കോബായ സഭ. സംഘർഷം കനക്കുമെന്ന സൂചനയിൽ പള്ളിയിലും പരിസരത്തും പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

അതേസമയം, കോടതി ഉത്തരവ് പ്രകാരമാണ് വിശ്വാസികൾ പളളിയിൽ പ്രവേശിക്കാനെത്തിയതെന്ന് ഓർത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. സമവായത്തിലൂടെയല്ലാതെ കോടതിവിധി നടപ്പാക്കരുതെന്ന് യാക്കോബായ സഭയിലെ ഗീവർഗീസ് മാർ കൂറിലോസും പ്രതികരിച്ചു. ഓർത്തഡോക്‌സ് സഭ ചർച്ചയ്ക്കു തയ്യാറല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Exit mobile version