ഇബ്രാഹിം കുഞ്ഞിനെതിരെ ടിഒ സൂരജ് ഉന്നയിച്ച ആരോപണങ്ങൾ തെറ്റ്; വിജിലൻസ് ഹൈക്കോടതിയിൽ

ടിഒ സൂരജ് ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് വിജിലൻസ് ഹൈക്കോടതിയെ ധരിപ്പിച്ചു.

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻപൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ ആരോപണങ്ങൾ തെറ്റെന്ന് വിജിലൻസ്. മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ ടിഒ സൂരജ് ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് വിജിലൻസ് ഹൈക്കോടതിയെ ധരിപ്പിച്ചു.

ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണ് കരാറുകാർക്ക് മുൻകൂട്ടി പണം നൽകിയതെന്ന ടിഒ സൂരജിന്റെ ആരോപണം തെറ്റാണെന്ന് വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. നിർമ്മാണക്കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകിയത് ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനപ്രകാരമാണെന്നായിരുന്നു ടിഒ സൂരജിന്റെ മൊഴി. എന്നാൽ ഈ വാദം തെറ്റാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അതേസമയം, ഒരുഘട്ടത്തിൽ അറസ്റ്റ് വരെ പ്രതീക്ഷിച്ചിരുന്ന ഇബ്രാഹിം കുഞ്ഞിന് ഏറെ ആശ്വാസം പകരുന്നതാണ് വിജിലൻസിന്റെ സത്യവാങ്മൂലം. എങ്കിലും പാലം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.

പലിശയില്ലാതെ മുൻകൂർ പണം നൽകണമെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞതായുള്ള സൂരജിന്റെ വെളിപ്പെടുത്തലും തെറ്റാണെന്ന് വിജിലൻസ് പറയുന്നു. പലിശ വാങ്ങാനോ വാങ്ങാതിരിക്കാനോ ഇബ്രാഹിം കുഞ്ഞ് നിർദേശിച്ചിട്ടില്ല. പലിശ എത്രയെന്ന് തീരുമാനിച്ചത് ടിഒ സൂരജ് തനിച്ചാണ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ 11 മുതൽ 14 ശതമാനം വരെ പലിശ നിരക്കിൽ പണമെടുക്കുന്ന ഘട്ടത്തിലാണ് നിർമ്മാണ കമ്പനിക്ക് ഏഴ് ശതമാനം മാത്രം പലിശ നിരക്കിൽ പണം നൽകാൻ സൂരജ് തീരുമാനിക്കുന്നതെന്നും വിജിലൻസ് സത്യവാങ്മൂലത്തിൽ പറയുന്നു.

Exit mobile version