ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി: ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റിന് സസ്പെന്‍ഷന്‍

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണവിധേയമാണ് സസ്പെന്‍ഷന്‍.

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ സ്ഥാനാര്‍ഥിയാകാന്‍ ആകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബിനു പുളിക്കണ്ടത്തിന്റെ പേര് ഉയര്‍ന്നിരുന്നെങ്കിലും എന്‍ ഹരിയുടെ വിജയസാധ്യത കണക്കിലെടുത്ത് തള്ളുകയായിരുന്നു. എന്നാല്‍ ഇതിന്റെ അമര്‍ഷം കാരണം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ബിനു പുളിക്കണ്ടത്തിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, താന്‍ സെപ്തംബര്‍ ഒമ്പതിന് ബിജെപിയില്‍ നിന്ന് രാജി വെച്ചിരുന്നുവെന്നാണ് ബിനു പുളിക്കക്കണ്ടം വിശദീകരിക്കുന്നത്. പാര്‍ട്ടി പ്രതീക്ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യമുള്ളതിനാലാണ് രാജിവെക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിനു പുളിക്കക്കണ്ടം പറയുന്നു.

കോണ്‍ഗ്രസ് ഐ പ്രവര്‍ത്തകനായിരുന്ന ബിനു പുളിക്കണ്ടം സമീപകാലത്താണ് ബിജെപിയിലേക്ക് എത്തിയത്. തുടര്‍ന്ന് പാലാ നിയോജക മണ്ഡലം പ്രസിഡന്റായി നിയമിക്കുകയായിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി തള്ളിക്കളഞ്ഞതോടെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Exit mobile version