‘രണ്ടില ചിഹ്നം’ ഇല്ലാതിരുന്നതും ജോസ് ടോമിന്റെ പരാജയത്തിന് കാരണമായിട്ടുണ്ട്; ജോസഫിനെതിരെ ഒളിയമ്പുമായി ജോസ് കെ മാണി

പാലാ നിയമസഭാ മണ്ഡലത്തിന്റെ ചരിത്രം തിരുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വിജയക്കൊടി പാറിച്ചിരുന്നു.

പാലാ; പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പിജെ ജോസഫിനെതിരെ ഒളിയമ്പുമായി ജോസ് കെ മാണി. തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ഇല്ലാതിരുന്നതും ജോസ് ടോമിന്റെ പരാജയത്തിന് കാരണമായിട്ടുണ്ട് എന്നായിരുന്നു ജോസ് കെ മാണിയുടെ പരാമര്‍ശം. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കവേയായിരുന്നു ജോസ് കെ മാണിയുടെ ഒളിയമ്പ്.

കേരളാ കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിച്ചിരുന്നില്ല. രണ്ടില ചിഹ്നം വിട്ടുനല്‍കില്ലെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ജോസഫ്. ഇതേതുടര്‍ന്ന് ജോസ് ടോം മത്സരിച്ചത് ‘കൈതച്ചക്ക’ ചിഹ്നത്തിലായിരുന്നു. ഇത് ജോസ് ടോമിന്റെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് ജോസ് കെ മാണി പറഞ്ഞത്.

പാലാ നിയമസഭാ മണ്ഡലത്തിന്റെ ചരിത്രം തിരുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വിജയക്കൊടി പാറിച്ചിരുന്നു. കെഎം മാണിയും യുഡിഎഫും അടക്കിവാണ പാലാ മണ്ഡലത്തില്‍ പുതിയ ചരിത്രമെഴുതിയാണ് കാപ്പനും എല്‍ഡിഎഫും വിജയം പിടിച്ചെടുത്തത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെതിരെ മാണി സി കാപ്പന്‍ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. വോട്ട് നില: മാണി സി കാപ്പന്‍ (എല്‍ഡിഎഫ്)-54137,ജോസ് ടോം (യുഡിഎഫ്)-51194, എന്‍ ഹരി(എന്‍ഡിഎ)-18044

Exit mobile version