രാജ്യസഭാ സീറ്റ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് കെ മാണി

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി മത്സരിക്കും. സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ചു.

ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ തീരുമാനിച്ചിരുന്നു. പിന്നാലെ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗമാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.

ജോസ് കെ മാണി മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടര്‍ന്നുള്ള കാലാവധിയിലേക്കാണ് തെരഞ്ഞെടുപ്പ് എന്നത് കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് രാജ്യസഭാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാന്‍ തീരുമാനമെടുത്തത്.

മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചെയര്‍മാന്‍ ജോസ് കെ മാണി, തോമസ് ചാഴിക്കാടന്‍ എം.പി, ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version