കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 30ന്

കൊച്ചി: കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം മുപ്പതിന് നടക്കും. മെയ് രണ്ടിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു തുടങ്ങാം.

നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാനതീയതി ഏപ്രില്‍ 20 ആണ്. 21ന് സൂക്ഷ്മ പരിശോധന. ഏപ്രില്‍ 23 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഏപ്രില്‍ 30 ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് നാല് മണിവരെ വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും അന്ന് തന്നെ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, സിപിഎമ്മില്‍ നിന്നുള്ള കെകെ രാഗേഷ്, മുസ്ലിം ലീഗിലെ പിവി അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി ഏപ്രില്‍ 21നാണ് അവസാനിപ്പിക്കുന്നത്. നിലവിലെ അംഗസംഖ്യയില്‍ ഇടതുപക്ഷത്തിന് രണ്ടും യുഡിഎഫിന് ഒന്നും അംഗങ്ങളെ വിജയിപ്പിക്കാം.

ഏപ്രില്‍ ആദ്യവാരം നടത്താനിരുന്ന തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ നിയമസഭാ സെക്രട്ടറിയും സിപിഎം നേതാവ് എസ് ശര്‍മ്മയും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും നിലവിലെ സാമാജികര്‍ക്കാണ് ഇപ്പോഴുള്ള ഒഴിവുകളിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ അവകാശമുള്ളത്. ഇത് നിഷേധിക്കുന്നത് സാമാജികരുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാണെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്.

രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം നടത്തിയാല്‍ മതിയെന്നു നിയമോപദേശം ലഭിച്ചതായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചത്. പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ധാര്‍മികതയെന്ന് നിയമമന്ത്രാലയം നിര്‍ദേശിച്ചെന്നും കമ്മിഷന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version