മുന്നണിയെ പിജെ ജോസഫ് ഒറ്റുകൊടുത്തു; പാലായിലെ തോല്‍വിയില്‍ പ്രതികരിച്ച് ജോസ് ടോം

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതികരിച്ച് യുഡിഎഫ്സ്ഥാ നാര്‍ഥിയായിരുന്ന ജോസ് ടോം. തോല്‍വിക്ക് കാരണം പിജെ ജോസഫാണ്. സ്വന്തം മുന്നണിയെ പിജെ ജോസഫ് ഒറ്റുകൊടുത്തുവെന്നും സ്ഥാനാര്‍ഥി നിര്‍ണയ അവകാശം ജോസ് കെ മാണിക്കാണെന്ന് യുഡിഎഫ് തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ജോസഫ് വിഭാഗം പുറത്തുവിട്ട സന്ദേശമാണ് തോല്‍വിക്ക് കാരണമായത്.
ഒരു എംഎല്‍എ കൂടിയാല്‍ പാര്‍ട്ടിയില്‍ ജോസ് കെ മാണി വിഭാഗത്തിന് മേല്‍ക്കൈ ഉണ്ടാകും. ഇത് തടയാനാണ് ജോസഫ് ശ്രമിച്ചതെന്നും ജോസ് ടോം ആരോപിച്ചു. പാലായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോസഫ് കണ്ടത്തിലിനെ സ്ഥാനാര്‍ഥിയായി നിര്‍ത്തി ചിഹ്നത്തിനായി തര്‍ക്കം ഉന്നയിച്ചത് ജോസഫ് പക്ഷമാണ്. ചിഹ്നം നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന്് യുഡിഎഫ് ഉറപ്പ് നല്‍കിയിരുന്നു. തന്റെ പേര് യുഡിഎഫ് ചര്‍ച്ച ചെയ്തപ്പോള്‍ പിജെ എതിര്‍ത്തില്ല. എന്നാല്‍ അതിന് ശേഷം പ്രശ്നങ്ങളുണ്ടാക്കി.

പാലായിലേത് ചോദിച്ച് വാങ്ങിയ പരാജയമായിരുന്നെന്നും ജോസ് കെ മാണിക്കാണ് അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു. അതേസമയം, താന്‍ ചിഹ്നം നല്‍കാത്തതാണ് തോല്‍വിക്ക് കാരണമെന്നത് തെറ്റായ വാദമാണ്. ഭരണഘടനാപരമായി ചിഹ്നം ചോദിച്ചിരുന്നെങ്കില്‍ നല്‍കുമായിരുന്നുവെന്നും പിജെ ജോസഫ് പറഞ്ഞു.

Exit mobile version