പാലം നിർമ്മാണത്തിന് മുൻകൂറായി പണം അനുവദിച്ചിട്ടുണ്ട്; ആ ഫയൽ കണ്ടിട്ടുണ്ട്; ന്യായീകരണവുമായി വികെ ഇബ്രാഹിംകുഞ്ഞ്

വിഷയവുമായി ബന്ധപ്പെട്ട ഫയൽ താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയിൽ അറസ്റ്റ് പ്രതീക്ഷിക്കുന്നതിനിടെ മുൻപൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ന്യായീകരണവുമായി രംഗത്ത്. കരാർ കമ്പനിക്ക് മുൻകൂർ പണം നൽകിയതിനെ ന്യായീകരിച്ചാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. മുൻകൂർപണം നൽകുന്നത് സാധാരണരീതിയാണെന്ന് ഇബ്രാഹിംകുഞ്ഞ് കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട ഫയൽ താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

വേൾഡ് പ്രോജക്ടുകൾ, എ ഡി ബി പ്രോജക്ട്, സ്പെഷൽ പർപ്പസ് വെഹിക്കിളുകൾ, ബഡ്ജറ്ററി വർക്കുകളല്ലാത്ത എല്ലാ പ്രവൃത്തികൾ തുടങ്ങിയവയ്ക്ക് മൊബിലൈസേഷൻ ഫണ്ട് നൽകാൻ അനുമതിയുണ്ട്. കഴിഞ്ഞ സർക്കാർ ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട്. നിലവിലെ സർക്കാരും ഇത്തരത്തിൽ പണം നൽകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനിക്ക് മുൻകൂർ പണം നൽകുന്നതുമായി ബന്ധപ്പെട്ട് താഴെത്തട്ടിലെ ഉദ്യോഗസ്ഥരിൽനിന്ന് ശുപാർശ ചെയ്തുവന്ന ഫയൽ താൻ കണ്ടിട്ടുണ്ട്. അത് ഒരു മന്ത്രിയുടെ അവകാശമാണ്. അത് നയപരമായ കാര്യമാണെന്നും മുൻമന്ത്രി ന്യായീകരിച്ചു. ഹാജരാകാനുള്ള നോട്ടീസ് കിട്ടിയിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേസിൽ സംശയം ഉയർന്നതോടെ വികെ ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവരുടെ പാലാരിവട്ടം പാലം നിർമ്മാണസമയത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചേക്കും.

Exit mobile version