ഓണം ബംപർ ശരിക്കും അടിച്ചത് സർക്കാരിന്; ലാഭം 29 കോടി കടന്നു; ടിക്കറ്റ് ഏജന്റും കോടിപതിയാകും

കമ്മീഷനായ സമ്മാനത്തുകയുടെ 10% സ്വന്തമാകുന്നതോടെ 1.20 കോടി രൂപയാണ് ഏജന്റിനു ലഭിക്കുക.

തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക സമ്മാനമായി പ്രഖ്യാപിച്ച ഈ വർഷത്തെ തിരുവോണം ബംപർ സംസ്ഥാന സർക്കാരിനേയും കോടിപതിയാക്കി. ഓണം ബംപർ നറുക്കെടുപ്പ് നാളെ നടക്കാനിരിക്കെ അച്ചടിച്ച 46 ലക്ഷം ലോട്ടറി ടിക്കറ്റുകളിൽ 43 ലക്ഷവും വിറ്റഴിച്ച് സർക്കാരും വൻലാഭമുണ്ടാക്കിയിരിക്കുകയാണ്. ഇതുവരെ ഖജനാവിലേക്കു ലാഭമായി എത്തിയത് 29 കോടി രൂപയാണ്. ബാക്കി മൂന്നു ലക്ഷം ടിക്കറ്റുകൾ കൂടി ഇന്നും നാളെയുമായി വിറ്റുതീരുമെന്നാണു ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റും ഇത്തവണ കോടിപതിയാകും. കമ്മീഷനായ സമ്മാനത്തുകയുടെ 10% സ്വന്തമാകുന്നതോടെ 1.20 കോടി രൂപയാണ് ഏജന്റിനു ലഭിക്കുക.

300 രൂപ വിലയുള്ള ബംപർ ടിക്കറ്റിന്റെ വിൽപന ജൂലൈ 21 നാണ് ആരംഭിച്ചത്. നാളെ ഉച്ചയ്ക്ക് രണ്ടിനാണു നറുക്കെടുപ്പ്. മൂന്നരയോടെ സമ്മാനാർഹമായ നമ്പറുകൾ പ്രഖ്യാപിക്കും. രണ്ടാം സമ്മാനം 5 കോടിയും മൂന്നാം സമ്മാനം 2 കോടിയും നാലാം സമ്മാനം ഒരു കോടിയുമാണ്. സമാശ്വാസ സമ്മാനമായി 9 പേർക്ക് 5 ലക്ഷം രൂപയും ലഭിക്കും. കഴിഞ്ഞ തവണ 10 കോടിയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം. പ്രളയം കാരണം നറുക്കെടുപ്പു നീട്ടിവച്ചെങ്കിലും 43 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിൽക്കാനായി.

ഓണം ബംപർ ടിക്കറ്റ് വിൽപന വഴി ഇക്കുറി 138 കോടി രൂപ സർക്കാരിനു ലഭിച്ചെങ്കിലും ഇതിൽ 21% മാത്രമാണു ലാഭം. 42% തുക സമ്മാനങ്ങൾ നൽകാനും 32% ഏജൻസി കമ്മീഷനായും 5% അച്ചടിക്കും ചെലവാകും. 9292 കോടിയാണു സർക്കാരിന് ലോട്ടറിയിൽ നിന്നുള്ള വാർഷിക വിറ്റുവരവ്. നാളെ 12 കോടി ഒന്നാം സമ്മാനമടിക്കുന്ന ഭാഗ്യവാന് 7.56 കോടി രൂപ സ്വന്തമാകും. 12 കോടിയിൽ 10% ഏജൻസി കമ്മീഷനായും ബാക്കി തുകയുടെ 30% ആദായ നികുതിയായും കുറയ്ക്കും. നറുക്കെടുപ്പു നീട്ടിവയ്ക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നു ലോട്ടറി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

Exit mobile version