പാലാരിവട്ടം മേൽപ്പാലം കേസിൽ വികെ ഇബ്രാഹിംകുഞ്ഞിന് പങ്കില്ല; യുഡിഎഫിന്റെ എല്ലാ പിന്തുണയുമുണ്ട്: പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: വിവാദമായ പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് പങ്കില്ലെന്ന് എംപി പികെ കുഞ്ഞാലിക്കുട്ടി. ഇബ്രാഹിം കുഞ്ഞിന് യുഡിഎഫിന്റെ എല്ലാ പിന്തുണയുമുണ്ടെന്നും നിരപരാധിയായതു കൊണ്ടു തന്നെ ഇബ്രാഹിം കുഞ്ഞിന് നിരപരാധിത്വം തെളിയിക്കാൻ പിന്തുണയ്ക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ഇബ്രാഹിം കുഞ്ഞിനെ മനഃപൂർവം കുടുക്കാൻ ശ്രമിക്കുകയാണോ എന്ന ചോദ്യത്തിന് ഈ വിഷയത്തിൽ തനിക്ക് കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പാല ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബുധനാഴ്ച പാലായിൽ എകെ ആന്റണി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും. പാലാ മണ്ഡലത്തിലെ സാഹചര്യം പരിശോധിച്ചാൽ യുഡിഎഫിന് തന്നെയാണ് വിജയമെന്നും കുഞ്ഞാലിക്കുട്ടി ഉറപ്പിച്ചു പറഞ്ഞു.

Exit mobile version