കൊണ്ടോട്ടിയിലെ ആള്‍ക്കൂട്ട ആക്രമണം: മൂന്ന് പേര്‍ അറസ്റ്റില്‍

തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കുട്ടി പറഞ്ഞ കള്ളം കേട്ട് വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്തുല്ല, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെ മര്‍ദിച്ച സംഭവത്തിലാണ് കേസ്.

മലപ്പുറം: കൊണ്ടോട്ടി ഓമാനൂരിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ 3 പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരത്തെ നാല്പതോളം പേര്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു.

തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കുട്ടി പറഞ്ഞ കള്ളം കേട്ട് വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്തുല്ല, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെ മര്‍ദിച്ച സംഭവത്തിലാണ് കേസ്. ഗുരുതര പരിക്കുകളോടെ ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നു പോലീസ് പറഞ്ഞു.

പതിനാലുകാരന്റെ നുണക്കഥയാണ് ഓമാനൂരില്‍ യുവാക്കളെ ആള്‍ക്കൂട്ടം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. തട്ടിക്കൊണ്ടുപോയെന്ന് പതിനാലുകാരന്‍ ചമച്ച കഥ കേട്ട് പ്രകോപിതരായവരാണ് യുവാക്കളെ ആക്രമിച്ചത്. രക്തം ഛര്‍ദിച്ചിട്ടും നാട്ടുകാര്‍ അടി നിര്‍ത്തിയില്ലെന്ന് ക്രൂരമര്‍ദനത്തിനിരയായ യുവാക്കള്‍ പറഞ്ഞു.

കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. സ്‌കൂളില്‍ പോകാന്‍ ബസ് കാത്ത് നില്‍ക്കുന്നതിനിടെ അതുവഴി വന്ന കാറില്‍ വന്നവര്‍ തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന് ഒരു വിദ്യാര്‍ഥി പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കുട്ടി യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ കാട്ടി കൊടുക്കുകയും ചെയ്തു. അതോടെ കാര്‍ കണ്ടെത്താനായി നാട്ടുകാര്‍ അന്വേഷണം തുടങ്ങി എന്നാല്‍ കാറിലുണ്ടായിരുന്ന എന്‍ജിനീയര്‍മാരായ രണ്ട് പേരും തങ്ങളുടെ വര്‍ക്ക് ഷോപ്പിലേക്കുള്ള യാത്രയിലായിരുന്നു.

പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയില്‍ കുട്ടി മെനഞ്ഞ കള്ളമാണ് തട്ടിക്കൊണ്ടുപോകല്‍ പരാതിയെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

Exit mobile version