വന്നത് കാമുകിയെ കൊന്ന് സ്വയം ജീവനൊടുക്കാന്‍; പക്ഷേ കവര്‍ന്നത് കാമുകിയുടെ അമ്മയുടെ ജീവന്‍!

ഇതിനായി പ്രതി ഉറക്കഗുളിക കൈയില്‍ കരുതിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം: ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് കാമുകന്‍ വീട്ടിലെത്തി യുവതിയുടെ അമ്മയെ കുത്തിക്കൊന്ന സംഭവം ഇങ്ങനെ…വീട്ടമ്മയെ കൊലപ്പെടുത്തിയ മധുര സ്വദേശിയായ യുവാവ് കാമുകിയെ കൊന്ന് സ്വയം ജീവനൊടുക്കാനാണ് എത്തിയത്. ഇതിനായി പ്രതി ഉറക്കഗുളിക കൈയില്‍ കരുതിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മധുര സ്വദേശി ചിത്തിരസെല്‍വത്തിന്റെ ഓണ്‍ലൈന്‍ ടാക്സി ബുക്ക് ചെയ്താണ് യുവ എന്‍ജിനീയറായ പ്രതി മധുര അനുപാനടി, ബാബുനഗര്‍, ഡോര്‍ നമ്പര്‍ 48-ല്‍ സതീഷ് (27) കുളത്തൂപ്പുഴയില്‍ എത്തിയത്. നാട്ടുകാരില്‍ നിന്ന് വിലാസം ചോദിച്ചു മനസ്സിലാക്കിയാണ് കൃത്യം നിര്‍വ്വഹിച്ചത്.

കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പികെ വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസാണ് കുത്തേറ്റു മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ വീട്ടില്‍വെച്ചാണ് കുത്തേറ്റത്. പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേന വീട്ടിനുള്ളില്‍ കടന്ന പ്രതി കൈയില്‍ കരുതിയ കത്തിയുപയോഗിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നു. വീട്ടിലെത്തിയ സതീഷ് മേരിക്കുട്ടിയോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയും ഇതില്‍ സംശയം തോന്നിയ മേരിക്കുട്ടി സതീഷുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. മുംബൈയില്‍ നഴ്‌സായ മൂത്ത മകള്‍ അവിടെയുണ്ടോ എന്നറിയുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.

ഇയാളുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ മേരിക്കുട്ടി ബഹളം വെച്ചപ്പോള്‍ പ്രതി വീട്ടമ്മയെ കുത്തിവീഴ്ത്തുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പുറത്തെത്തിയെങ്കിലും റോഡരികില്‍ മേരിക്കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.

ഫോറന്‍സിക് ആന്‍ഡ് സയന്റഫിക് വിഭാഗം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പൂമുഖത്തും റോഡിലും വീണുകിടന്ന രക്തത്തുള്ളികളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. വിരലടയാളങ്ങളും ശേഖരിച്ചു. നെഞ്ചില്‍ തറച്ച കത്തി വലിച്ചൂരിയിട്ടശേഷമാവാം പ്രതിക്കു പിന്നാലെ വീട്ടമ്മ പുറത്തേക്ക് എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണ് കാലിനും കൈക്കും പൊട്ടലേറ്റ പ്രതിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. പ്രതിയെ തെളിവെടുപ്പിന് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച തെളിവെടുപ്പിനുശേഷം കോടതില്‍ ഹാജരാക്കുമെന്ന് കുളത്തൂപ്പുഴ സിഐ സിഎല്‍ സുധീര്‍ പറഞ്ഞു. ഫോറന്‍സിക് ആന്‍ഡ് സയന്റിഫിക് വിഭാഗം ശീതല്‍, രഞ്ചിത്ത് ബാബു, ബോസ് എന്നിവരുടെ നേതൃത്വത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്.

Exit mobile version