പണത്തിന്റെ ആവശ്യത്തിനായി കട തുറന്ന് ഒരു മൊബൈൽ മാത്രം കവർന്നു; തുറന്ന കട അടയ്ക്കാനാകാതെ ഉടമയെ വിളിച്ചു വരുത്തി; ഒടുവിൽ ‘സത്യസന്ധനായ’ കള്ളന് കുരുക്ക് വീണു

ഉടമയെ വിളിച്ചുവരുത്തിയാണ് കള്ളൻ സ്വയം പണിവാങ്ങിയത്.

കാളികാവ്: അടച്ചിട്ട കടയിൽ നിന്നും മൊബൈൽ ഫോൺ കവർന്ന് മുങ്ങാൻ നോക്കിയ കള്ളനെ ഒടുവിൽ സ്വന്തം ഫോൺ തന്നെ ചതിച്ചു. കമ്പി ഉപയോഗിച്ച് തുറന്ന കട മൊബൈൽ കവർന്ന് തിരിച്ചിറങ്ങുമ്പോൾ അടയ്ക്കാൻ സാധിക്കാതെ വന്നതോടെയാണ് കള്ളനിലെ സത്യസന്ധൻ ഉണർന്നത്. തുറന്ന് കിടക്കുന്ന കടയിൽ ഇനി മറ്റൊരു കള്ളൻ കടക്കേണ്ടെന്ന് കരുതി ഉടമയെ വിളിച്ചുവരുത്തിയാണ് കള്ളൻ സ്വയം പണിവാങ്ങിയത്. മലപ്പുറം കാളികാവിലാണ് സംഭവം.

കടയിൽ നിന്നും പണത്തിന്റെ അത്യാവശ്യം തീർക്കാനായി ഒരു മൊബൈൽ ഫോൺ മാത്രം മോഷ്ടിക്കാനായി തീരുമാനിച്ച് എത്തിയ കള്ളൻ ഒരു ഫോണെടുത്ത് മടങ്ങുന്നതിനിടെ കടയടയ്ക്കാൻ സാധിക്കാതെ വരികയായിരുന്നു. ഇതോടെ, അയാൾ കടയിൽ എഴുതിവെച്ച നമ്പറിൽ ഒന്നുമറിയാത്ത ഒരു വഴിപോക്കനെപ്പോലെ, ഉടമയെവിളിച്ചുപറഞ്ഞു: ‘നിങ്ങളുടെ കട തുറന്നുകിടപ്പുണ്ട്, പൂട്ടിക്കോണേ’ എന്ന്. കേട്ടപാതി കേൾക്കാത്ത പാതി കടയുടമ നിമിഷങ്ങൾക്കകം പാഞ്ഞെത്തി കട പരിശോധിച്ചപ്പോൾ 12,000 രൂപയുടെ ഒരു മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി കണ്ടെത്തി. മോഷ്ടാവ് ആരാണെന്നറിയാൻ സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അമ്പരന്നത്. ഫോണിൽ വിവരം വിളിച്ചുപറഞ്ഞ അതേ വ്യക്തി തന്നെയാണ് ആ ഫോൺ കള്ളനും.

അയാളുടെ കൂടെ മറ്റൊരാളുമുണ്ടായിരുന്നു. രണ്ടുപേരെയും കൊണ്ട് സ്റ്റേഷനിലെത്തിയപ്പോഴാണ് മറ്റൊരു ട്വിസ്റ്റ് ഉണ്ടായത്. കൂടെ ഉണ്ടായിരുന്നയാൾ, പിടിക്കപ്പെടുകയാണെങ്കിൽ കുറ്റം ഏറ്റുപറയാൻ ഏർപ്പാടാക്കിയ ഡമ്മി കള്ളൻ ആയിരുന്നു. രണ്ടായിരം രൂപയാണ് മോഷ്ടാവ് ഡമ്മി കള്ളന് വാഗ്ദാനം ചെയ്തിരുന്നത്. അങ്ങനെ സത്യസന്ധനായി രക്ഷപ്പെടാമെന്ന് കള്ളൻ കരുതി. എന്നാൽ, സിസിടിവി ചതിക്കുകയായിരുന്നു.

പണത്തിന് അത്യാവശ്യം വരുമ്പോൾ ഒരു മൊബൈൽ ഫോൺമാത്രം എടുക്കുന്നതാണ് തന്റെ രീതിയെന്ന് മോഷ്ടാവ് ഏറ്റുപറഞ്ഞു. രണ്ടുതവണ ഇതേ കടയിൽ മുമ്പ് കയറി മോഷണംനടത്തി ആരുമറിയാതെ വാതിലുംപൂട്ടി പോയിരുന്നു. ഇത്തവണയും അങ്ങനെ ചെയ്യാമെന്നുകരുതിയതാണ് പക്ഷേ, അതിബുദ്ധി തിരിച്ചടിക്കുകയായിരുന്നു.

Exit mobile version