കണ്ണൂരില്‍ വിസാ തട്ടിപ്പ്; സോഷ്യല്‍ മീഡിയയില്‍ കണ്ട പരസ്യം വിശ്വസിച്ച് അപേക്ഷ നല്‍കി, ചതിയില്‍ പെട്ട് യുവാവ്

കമ്പനിയില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ടെന്ന് വ്യാജ പരസ്യം നല്‍കിയാണ് കൂത്തുപറമ്പ് സ്വദേശിയായ യുവാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം നടന്നത്.

ഷാര്‍ജ: കണ്ണൂരില്‍ വന്‍ വിസാ തട്ടിപ്പ്. ദുബായിലെ സ്വകാര്യ എണ്ണക്കമ്പനിയുടെ പേര് ഉപയോഗിച്ചാണ് വിസാ തട്ടിപ്പ് നടത്തിയത്. കമ്പനിയില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ടെന്ന് വ്യാജ പരസ്യം നല്‍കിയാണ് കൂത്തുപറമ്പ് സ്വദേശിയായ യുവാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം നടന്നത്.

ഫേസ്ബുക്കില്‍ കണ്ട പരസ്യം വിശ്വസിച്ച് ഉദ്യോഗാര്‍ത്ഥി അപേക്ഷ അയയ്ക്കുകയായിരുന്നു. അപേക്ഷയുടെ അടിസ്ഥാനത്തില്‍ തട്ടിപ്പുസംഘം ഉദ്യോഗാര്‍ത്ഥിക്ക് വിസയ്ക്കുള്ള അപേക്ഷാഫോറം ഇ-മെയിലില്‍ അയച്ചുകൊടുത്തു. യുവാവ് വിവരങ്ങളെല്ലാം ചേര്‍ത്ത് ഫോറം പൂരിപ്പിച്ചയച്ചു. അപേക്ഷ കിട്ടിയ സംഘം ഉദ്യോഗാര്‍ത്ഥിക്ക് ഉടന്‍ ‘ജോബ് ഓഫര്‍ ലെറ്റര്‍’ നല്‍കി. ദുബായ് ശൈഖ് സായിദ് റോഡ് അല്‍ സഫ സ്ട്രീറ്റിലാണ് കമ്പനിയുടെ മേല്‍വിലാസം രേഖപ്പെടുത്തിയിരുന്നത്.

കമ്പനിയില്‍ സൂപ്പര്‍വൈസര്‍ തസ്തികയിലാണ് നിയമനമെന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതിമാസം 15,000 ദിര്‍ഹം (2.90 ലക്ഷത്തോളം രൂപ) ശമ്പളമാണ് വാഗ്ദാനം ചെയ്തിരുന്നത്. സൗജന്യ താമസം, വര്‍ഷത്തില്‍ 45 ദിവസം ശമ്പളത്തോടെയുള്ള അവധി, കുടുംബസമേതം യാത്രചെയ്യാനുള്ള വിമാനടിക്കറ്റ്, ഇന്‍ഷുറന്‍സ് പരിരക്ഷ, വാഹനം, ടെലിഫോണ്‍ തുടങ്ങി ആകര്‍ഷക ആനുകൂല്യങ്ങള്‍ വേറെയും.

എന്നാല്‍, ഉത്തരവിന്റെ അവസാനഭാഗത്ത് വിസ ചെലവിലേക്കായി ഉദ്യോഗാര്‍ഥി 20,000 രൂപ ബാങ്കില്‍ അടിയന്തരമായി നിക്ഷേപിക്കണമെന്ന് രേഖപ്പെടുത്തിയത് സംശയത്തിന് കാരണമായി. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ പണം നിക്ഷേപിക്കണമെന്നാണ് അറിയിച്ചത്.

ഉദ്യോഗാര്‍ത്ഥി കമ്പനിയെക്കുറിച്ച് ദുബായില്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ദുബായ് കുടിയേറ്റ വകുപ്പിന്റെ പഴയ പേരിലുള്ള വ്യാജ ലെറ്റര്‍പാഡ് ആണ് തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ചത്. ഇത്തരത്തില്‍ പണം തട്ടുന്ന സംഘം ഇന്ത്യയിലെ പലയിടങ്ങളിലും വ്യാപകമായി പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ഇവരുടെ മോഹന വാഗ്ദാനങ്ങളിലകപ്പെടുന്നതു പാവങ്ങളായ തൊഴിലന്വേഷകരാണ്. നിലവില്‍ സാമൂഹിക മാധ്യമങ്ങളാണ് തട്ടിപ്പുകാര്‍ വ്യാജപരസ്യം നല്‍കാന്‍ ഉപയോഗിക്കുന്നത്.

Exit mobile version