അമിത് ഷായുടെ ഹിന്ദി ഭാഷാ പരാമർശം വിവാദമാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നു: ഒ രാജഗോപാൽ

ഇതര രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നുവെന്നാണ് രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞത്.

തിരുവനന്തപുരം: ഒരു രാജ്യം ഒരു ഭാഷയെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിവാദ പരാമർശത്തെ പിന്തുണച്ച് ബിജെപി എംഎൽഎ ഒ രാജഗോപാൽ. ഹിന്ദി ദിനത്തിലെ അമിത് ഷായുടെ പാരാമർശം വിവാദമാക്കാൻ ഇതര രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നുവെന്നാണ് രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞത്.

അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജഗോപാൽ രംഗത്തെത്തിയത്. നേരത്തെ, അമിത് ഷായുടേത് സംഘപരിവാർ അജണ്ടയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തിയിരുന്നു.

ഹിന്ദി അജണ്ട പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്നും മറ്റ് ഭാഷകളെ പിന്തള്ളാനുള്ള നീക്കം യുദ്ധപ്രഖ്യാപനമാണെന്നുമാണ് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ചെന്നിത്തലയും പറഞ്ഞു. രാജ്യത്തെ ഭാഷാഭ്രാന്തിലേക്ക് തള്ളിവിടാനുള്ള നീക്കം അപകടകരമെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്.

അമിത് ഷായുടെ ഹിന്ദി വാദത്തെ പിന്തുണച്ചുകൊണ്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Exit mobile version