കാലാവധി നാളെ അവസാനിച്ചാലും മരടിലെ ഫ്‌ളാറ്റുകൾ ഒഴിപ്പിക്കില്ല; സർക്കാർ നിർദേശം പാലിക്കുമെന്ന് നഗരസഭ; ഇനി തീരുമാനം സർക്കാരിന്റേത്

ഫ്‌ളാറ്റുകൾ ഒഴിയാനുള്ള കാലാവധി നാളെ അവസാനിക്കുമെങ്കിലും ഫ്‌ളാറ്റുടമകളെ ഒഴിപ്പിക്കുന്നത് സർക്കാർ നിർദേശത്തിനു ശേഷം മാത്രമായിരിക്കുമെന്ന്

കൊച്ചി: വിവാദമായ മരടിലെ ഫ്‌ളാറ്റുകൾ ഒഴിയാനുള്ള കാലാവധി നാളെ അവസാനിക്കുമെങ്കിലും ഫ്‌ളാറ്റുടമകളെ ഒഴിപ്പിക്കുന്നത് സർക്കാർ നിർദേശത്തിനു ശേഷം മാത്രമായിരിക്കുമെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ. ഫ്‌ളാറ്റുടമകൾ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നിർദ്ദേശം ലഭിച്ചതിനുശേഷം മാത്രം നടപടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ നിലപാടെടുത്തിരിക്കുന്നത്.

ഫ്‌ളാറ്റുകളിൽ നഗരസഭ പതിച്ച നോട്ടീസിന് 12 ഫ്‌ളാറ്റുടമകൾ നൽകിയ മറുപടി ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് അയച്ചതായി സെക്രട്ടറി പറഞ്ഞു. നോട്ടീസ് നിയമാനുസൃതമായല്ല നൽകിയതെന്ന ഫ്‌ളാറ്റുടമകളുടെ മറുപടി സർക്കാരിനും കൈമാറിയിട്ടുണ്ട്.

അതേസമയം, ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ രീതിയിൽ സമരവുമായി മുന്നോട്ട് പോകാനാണ് ഫ്‌ളാറ്റുടമകളുടെ തീരുമാനം. അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്‌ളാറ്റുകളിൽ നിന്നൊഴിയില്ലെന്ന നിലപാടിലാണ് ഫ്‌ളാറ്റുടമകൾ. നോട്ടീസ് നൽകിയത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനും ഫ്‌ളാറ്റ് ഉടമകൾ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും ഫ്‌ളാറ്റിന് മുന്നിൽ പന്തൽ കെട്ടി അനിശ്ചിതകാല റിലേ സത്യാഗ്രഹവും തുടങ്ങുമെന്നും താമസക്കാർ പറയുന്നു.

നേരത്തെ, സുപ്രീംകോടതി ഇത്തരവനുസരിച്ച് അഞ്ച് ഫ്‌ളാറ്റുകളിലെ 357 കുടുംബങ്ങളോടും അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു നഗരസഭയുടെ നിർദേശം. പത്താം തീയതിയാണ് ഇത് സംബന്ധിച്ച നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്.

Exit mobile version