മഴ ദുരിതം വിതച്ച പ്രദേശങ്ങളിൽ ഈ മാസം റേഷൻ സൗജന്യം; ഓണത്തിനും റേഷൻ കടകൾ തുറക്കും

ഈ മാസം റേഷൻ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുമെന്ന് സിവിൽസപ്ലൈസ് ഡയറക്ടർ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുരിതം വിതച്ച് സകലതും നഷ്ടപ്പെടുത്തിയവർക്ക് കൈത്താങ്ങായി സിവിൽ സപ്ലൈസ് വകുപ്പ്. പ്രളയവും ഉരുൾപൊട്ടലും കാരണം ദുരന്തബാധിതപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിൽ ഈ മാസം റേഷൻ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുമെന്ന് സിവിൽസപ്ലൈസ് ഡയറക്ടർ അറിയിച്ചു.

ഈ പ്രദേശങ്ങളിലെ മുൻഗണന (പിങ്ക്), പൊതുവിഭാഗം സബ്സിഡി (നീല) പൊതുവിഭാഗം (വെള്ള) എന്നീ റേഷൻകാർഡുടമകൾ സെപ്റ്റംബറിലെ റേഷൻവിഹിതമായ അരിയും ഗോതമ്പും വാങ്ങുമ്പോൾ വില നൽകേണ്ടതില്ല.

കൂടതെ, ഓണംപ്രമാണിച്ച് സെപ്റ്റംബർ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ റേഷൻകടകൾ തുറക്കുമെന്നും സിവിൽസപ്ലൈസ് ഡയറക്ടർ അറിയിച്ചു. നേരത്തെ ദുരിത ബാധിതർക്ക് സൗജന്യ റേഷനും സിവിൽ സപ്ലൈസ് അനുവദിച്ചിരുന്നു.

Exit mobile version