പൊട്ടിപ്പൊളിഞ്ഞ റോഡില്‍ അത്തപ്പൂക്കളമിട്ട് പ്രതിഷേധം; ഫോട്ടോ വൈറല്‍

പൊട്ടിപ്പൊളിഞ്ഞ റോഡില്‍ അത്തപ്പൂക്കളമിടുന്ന ഒരു സുന്ദരിയുടെ ചിത്രമാണ് സൈബര്‍ ലോകത്ത് ഇപ്പോള്‍ വൈറലായിരിക്കുന്നത്

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയെ ട്രോളി നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിട്ട് പ്രതിഷേധിച്ചത്. റോഡിലെ കുഴിയില്‍ വാഴ വച്ചും തോണിയുണ്ടാക്കി ഒഴുക്കിവിട്ടുമൊക്കെയാണ് സാധാരണയായി പ്രതിഷേധിക്കാറുള്ളത്. എന്നാല്‍ ഇത്തവണ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ പൂക്കളമിട്ടുകൊണ്ടായിരുന്നു പ്രതിഷേധം.

പൊട്ടിപ്പൊളിഞ്ഞ റോഡില്‍ അത്തപ്പൂക്കളമിടുന്ന ഒരു സുന്ദരിയുടെ ചിത്രമാണ് സൈബര്‍ ലോകത്ത് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വ്യത്യസ്തമായ ഈ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഫോട്ടോഗ്രാഫര്‍ അനുലാലാണ്. മോഡല്‍ നിയ ശങ്കരത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്ന സുന്ദരി. ഒരു റോഡ് യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തില്‍ നിന്നാണ് തനിക്ക് ഈ ആശയം ഉദിച്ചതെന്ന് അനുലാല്‍ പറയുന്നു.

പനമ്പിള്ളി നഗറിലെ കുഴിക്ക് സമീപമായിരുന്നു ഫോട്ട് ഷൂട്ട്. സാധാരണനിലയില്‍ റോഡില്‍ തോണിയിറക്കിയും വാഴനട്ടുമൊക്കെയാണ് പലരും പ്രതിഷേധിക്കുന്നത്. എന്നാല്‍ ഫോട്ടോഗ്രാഫറായതിനാല്‍ തൊഴിലിനോട് ചേര്‍ന്നുനില്‍ക്കുന്ന പ്രതിഷേധമാര്‍ഗമാണ് അനുലാല്‍ തെരഞ്ഞെടുത്തത്.

ഫോട്ടോ വൈറലായതോടെ കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതിന് ഹൈക്കോടതി സര്‍ക്കാരിനെതിരെ സ്വമേധയാ കേസെടുത്തത്.

Exit mobile version