ഓണത്തിന് ഇനി പച്ചക്കറി വില പൊള്ളിക്കില്ല; കൃഷി വകുപ്പും ഹോർട്ടികോർപ്പും കൈകോർക്കുന്നു

വിഷരഹിത നാടൻ പച്ചക്കറികൾ ലഭ്യമാക്കുമെന്ന് വിപണി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഇത്തവണ ഓണത്തിന് മാർക്കറ്റിലെ പച്ചക്കറിയുടെ പൊള്ളും വില കണ്ടു ഞെട്ടണ്ട. ഓണത്തിന് വിലക്കുറവിൽ പച്ചക്കറികൾ എത്തിക്കാനായി കൃഷി വകുപ്പും ഹോർട്ടികോർപ്പും ചേർന്ന് പദ്ധതികൾ തയ്യാറാക്കുന്നു. ഇത്തവണ കൃഷി വകുപ്പും ഹോർട്ടികോർപ്പും കൈകോർത്താണ് പച്ചക്കറി വിപണിയിലെത്തിക്കുക. ഓണ സമൃദ്ധി കാർഷിക വിപണി 2019ന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 2000 പ്രാദേശിക വിപണികളാണ് പ്രവർത്തന സജ്ജമാക്കുന്നത്.

പൊതുവിപണിയിലേക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ പച്ചക്കറികളും ഫലവർഗ്ഗങ്ങളും നൽകുകയാണ് ഓണ സമൃദ്ധി കാർഷിക വിപണിയുടെ ലക്ഷ്യം. വിഷരഹിത നാടൻ പച്ചക്കറികൾ ലഭ്യമാക്കുമെന്ന് വിപണി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2000 വിപണികളാണ് ഇതുവരെ തുറന്നത്. ഇത്തരം വിപണികൾ വിലക്കയറ്റം തടയുന്നതിന് സഹായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഓണ സമൃദ്ധി 2019 ന്റെ മൊബൈൽ ആപ്പ് സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മേയർ വികെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

Exit mobile version