ജോസിന് ജയ് വിളി; ജോസഫിന് കൂക്കിവിളി; യുഡിഎഫ് കൺവെൻഷൻ ബഹളമയം; പ്രതിഷേധിക്കുന്നവർ ജയം ആഗ്രഹിക്കാത്തവരെന്ന് പിജെ ജോസഫ്

ജോസ് ടോമിന് രണ്ടില അനുവദിക്കാൻ പോലും തയ്യാറാകാതെ ന്യായങ്ങൾ നിരത്തിയതിനാണ് ജോസ് കെ മാണി വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം.

കോട്ടയം: യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ബഹളമുണ്ടാക്കി പ്രവർത്തകർ. പ്രസംഗിക്കാനെത്തിയ പിജെ ജോസഫിനെ കൂക്കിവിളിച്ചാണ് അണികൾ പ്രതിഷേധം രേഖപ്പെടുത്തിയത്. ജോസ് കെ മാണി വിഭാഗം പ്രവർത്തകരാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് വിവരം. പിജെ ജോസഫ് പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴാണ് സദസിൽ നിന്നും പ്രതിഷേധമുയർന്നത്. സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില അനുവദിക്കാൻ പോലും തയ്യാറാകാതെ ന്യായങ്ങൾ നിരത്തിയതിനാണ് ജോസ് കെ മാണി വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം.

അതേസമയം കെഎം മാണിയെ പ്രകീർത്തിച്ചാണ് ജോസഫ് പ്രസംഗം ആരംഭിച്ചത്. സദസിലെ പ്രവർത്തകരുടെ വികാരം മനസിലാക്കുന്നെന്നും പ്രതിഷേധിക്കുന്നവർ ജോസ് ടോമിന്റെ വിജയം ആഗ്രഹിക്കാത്തവരാണെന്നും ജോസഫ് പറഞ്ഞു. കൂക്കിവളിച്ചവരോട് ശാന്തരായിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

കെഎം മാണി കഠിനാദ്ധ്വാനിയയായ നേതാവാണെന്നും ജോസഫ് പറഞ്ഞു. അദ്ദേഹവുമായി ഇണങ്ങിയും പിണങ്ങിയും പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം വ്യക്തിബന്ധത്തിൽ വിള്ളൽ വീണിട്ടില്ല. ജോസ് കെ മാണിയുള്ള അഭിപ്രായ വ്യത്യാസം ഇന്നല്ലെങ്കിൽ നാളെ അവസാനിക്കുമെന്ന് കരുതുന്നു. ഇന്നു മുതൽ ജോസ് ടോമിന്റെ വിജയത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ജോസഫ് പറഞ്ഞു.

Exit mobile version