ഗതാഗത നിയമ ലംഘകരെ കുരുക്കൽ ഇന്നുമുതൽ; കീശ കാലിയാക്കുന്ന പിഴകളും കർശന പരിശോധനയും

ഇനി വീണ്ടും ഇതേകാര്യത്തിന് പിടിയിലായി എന്നു കരുതൂ, എങ്കിൽ ശിക്ഷ വർധിക്കുമെന്നതാണ് മറ്റൊരു വസ്തുത.

തിരുവനന്തപുരം: ലൈസൻസും ഹെൽമറ്റും രേഖകളും ഒന്നുമില്ലാതെ നിരത്തിലേക്ക് പറപറക്കാൻ വാഹനവുമായി ഇറങ്ങുന്നവർ ജാഗ്രതെ! ഇന്നുമുതൽ പരിശോധന കർശനമാക്കുന്നു. കേന്ദ്രമോട്ടോർ വാഹനനിയമത്തിലെ ഭേദഗതികളാണ് ഇന്ന് മുതൽ കർശനമായി നടപ്പാക്കാൻ ആരംഭിക്കുന്നത്. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്തിരട്ടി വരെയാണ് വർധനവ്. ഹെൽമറ്റില്ലാതെ നിരത്തിലിറങ്ങിയാൽ പിന്നെ കാലി കീശയുമായി വീട്ടിലേക്ക് മടങ്ങാം. ഹെൽമറ്റില്ലാത്തതിന് പോലീസ് കൈ കാണിച്ചാൽ നൂറ് രൂപ കൊടുത്ത് ഒതുക്കാമായിരുന്നെങ്കിൽ ഇനിയത് ആയിരം രൂപയാണ് പിഴയായി ഒടുക്കേണ്ടത്.

മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് കിട്ടുന്ന ശിക്ഷ ഇതുവരെ 2000 രൂപവരെയായിരുന്നുവെങ്കിൽ ഇനി മുതൽ ചുരുങ്ങിയത് 5000 രൂപയെങ്കിലും നൽകേണ്ടിവരും. ഇനി വീണ്ടും ഇതേകാര്യത്തിന് പിടിയിലായി എന്നു കരുതൂ, എങ്കിൽ ശിക്ഷ വർധിക്കുമെന്നതാണ് മറ്റൊരു വസ്തുത.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാൽ 5000 രൂപ നഷ്ടമാകും. ഇതുവരെ ആയിരം രൂപയായിരുന്നു പിഴ. സീറ്റ് ബെൽറ്റിന്റെ കാര്യത്തിൽ 100 ൽ നിന്ന് പിഴ 1000 ആയി പത്തിരട്ടി വർധനവുമുണ്ട്. പ്രായപൂർത്തിയാകാത്തവർ വാഹനം നിരത്തിലിറക്കിയാൽ മാതാപിതാക്കൾ കുടുങ്ങുമെന്നത് നൂറു ശതമാനം ഗ്യാരണ്ടി. രക്ഷാകർത്താവ് 25,000 രൂപ പിഴയും മൂന്ന് വർഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. വാഹനമോടിയച്ചയാൾക്ക് ലൈസൻസ് ലഭിക്കാൻ 25 വയസ്സ് വരെ കാത്തുനിൽക്കുകയും വേണം. കൊച്ചുകുട്ടികൾക്ക് ബൈക്കും വാഹനവും കൊടുക്കുന്നതിന് മുമ്പ് ഇരുത്തി ആലോചിക്കുന്നത് ഇനി മുതൽ ആരോഗ്യത്തിനും പോക്കറ്റിനും ഗുണം ചെയ്യും.

നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇനിയും നിയമലംഘനം നടത്താനാണ് പദ്ധതിയെങ്കിൽ പിടിവീഴുമെന്ന് മാത്രമല്ല, പിടിവിട്ട പിഴയും ഒടുക്കേണ്ടി വരും. കൂടാതെ നിയമം ലംഘിക്കാൻ മുന്നിട്ടിറങ്ങുന്നവരെ കാത്തിരിക്കുന്നത്, മോട്ടോർ വാഹനവകുപ്പിന്റെ റിഫ്രഷർ കോഴ്‌സുകളും നിർബന്ധിത സാമൂഹിക സേവനവുമൊക്കെയാണ്. അപ്പോൾ, വാഹനം നിരത്തിലിറക്കുന്നതിനു മുമ്പ് രണ്ടും മൂന്നും തവണ ആലോചിക്കൂ.

അതേസമയം, റോഡ് സുരക്ഷാ കർമപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കർശന വാഹനപരിശോധന ചൊവ്വാഴ്ച തുടങ്ങുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു. 30 വർഷത്തിനുശേഷമാണ് മോട്ടോർവാഹന നിയമത്തിൽ ഇത്ര വിപുലമായ ഭേദഗതികൾ.

ഉയർന്ന ശിക്ഷ വരുന്നതോടെ റോഡപകടങ്ങൾ പരമാവധി കുറയ്ക്കാമെന്നാണ് കരുതുന്നതെന്നും ജനങ്ങൾ ബോധവാന്മാരാകണമെന്നും മന്ത്രി പറഞ്ഞു. 2019 ഏപ്രിൽ മുതൽ ജൂൺ വരെ 14,076 അപകടങ്ങളാണുണ്ടായി. ഇതിൽ 1203 ജീവനുകൾ പൊലിഞ്ഞു. വർഷം ശരാശരി 45,000 അപകടങ്ങളും 4500 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ നിയമവും പിഴയും കർശനമാക്കാതെ വേറെ വഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Exit mobile version