ഡിജിപി ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ആഭ്യന്തര വകുപ്പ് ശുപാർശ; ഇനി തീരുമാനം മുഖ്യമന്ത്രിയുടേത്

ജേക്കബ് തോമസ് പിന്നീട് വിവിധ സംഭവങ്ങളിലായി കഴിഞ്ഞ രണ്ടു വർഷമായി തുടർച്ചയായി സസ്പെൻഷനിലായിരുന്നു.

തിരുവനന്തപുരം: നീണ്ട കാലമായി സസ്‌പെൻഷനിലായിരുന്ന ഡിജിപി ജേക്കബ് തോമസിനെ സർവീസിലേക്ക് തിരിച്ചെടുക്കാൻ ആഭ്യന്തരവകുപ്പ് ശുപാർശ ചെയ്തു. ഇതുസംബന്ധിച്ച ഫയൽ അഡീഷണൽ ചീഫ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി. തിരിച്ചെടുക്കാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇനി അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് എടുക്കേണ്ടത്.

ഓഖി ദുരന്തത്തിൽ സർക്കാർ വിരുദ്ധ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഷനിലായ ജേക്കബ് തോമസ് പിന്നീട് വിവിധ സംഭവങ്ങളിലായി കഴിഞ്ഞ രണ്ടു വർഷമായി തുടർച്ചയായി സസ്പെൻഷനിലായിരുന്നു. പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്പെൻഷൻ കാലാവധി ദീർഘിപ്പിക്കുകയായിരുന്നു.

ഇതേതുടർന്ന് നീതി തേടി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അദ്ദേഹം സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. ജേക്കബ് തോമസിനെ സർവീസിൽ നിന്ന് രണ്ടു വർഷത്തോളം സസ്പെന്റ് ചെയ്തതിന് യാതൊരു ന്യായീകരണവുമില്ലെന്നും അതിനാൽ അദ്ദേഹത്തെ അടിയന്തരമായി തിരിച്ചെടുക്കണമെന്നും ആയിരുന്നു ഉത്തരവ്.

അതേസമയം, ഡ്രെഡ്ജർ വാങ്ങിയ ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് നടക്കുന്നതിനിടെയാണ് ജേക്കബ് തോമസ് സർവീസിൽ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഈ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കാനാണ് നിലവിൽ സാധ്യത.

Exit mobile version