ആകെയുള്ള ഭൂമിയുടെ പകുതിയോളം പ്രളയബാധിതർക്കായി മാറ്റിവെച്ച് കുറ്റ്യാടിയിലെ ഈ ആദിവാസി മൂപ്പൻ; സഹായം രോഗങ്ങൾ വലയ്ക്കുന്നതിന് ഇടയിലും

50 സെന്റ് സ്ഥലത്തിൽ നിന്ന് 20 സെന്റ് സ്ഥലം പ്രളയ ദുരിതബാധിതർക്കായി

കുറ്റ്യാടി: തനിക്ക് തലമുറകളായി കൈമാറി കിട്ടിയ ഭൂമിയുടെ പകുതിയോളം പ്രളയദുരിത ബാധിതർക്കായി മാറ്റിവെച്ച് ഈ ആദിവാസി മൂപ്പൻ. ആകെയുള്ള 50 സെന്റ് സ്ഥലത്തിൽ നിന്ന് 20 സെന്റ് സ്ഥലം പ്രളയ ദുരിതബാധിതർക്കായി നൽകുകയാണ് ഒരു ആദിവാസി മൂപ്പൻ.

കോഴിക്കോട്- വയനാട് അതിർത്തിയിലെ കുറ്റ്യാടി, പാലവട്ടം ആദിവാസി കോളനിയിലെ ഊരുമൂപ്പൻ ശേഖരനാണ് പ്രളയ ബാധിതർക്ക് കൈത്താങ്ങായി എത്തിയിരിക്കുന്നത്. കർഷകനായ ഈ മൂപ്പൻ ഹൃദയസംബന്ധമായ രോഗങ്ങൾ കാരണം ജോലിക്ക് പോകാൻ കഴിയാതെ വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ.

കാപ്പിയും കുരുമുളകുമെല്ലാം നന്നായി വിളയുന്ന തോട്ടത്തിൽ നിന്നും 20 സെന്റ് സ്ഥലമാണ് സഹായഹസ്തമായി ഈ മൂപ്പൻ ഇപ്പോൾ കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്. 73 കാരനായ ശേഖരന്റെ ഭാര്യ സരസമ്മ 13 വർഷം മുമ്പ് മരിച്ചു. മക്കളായ ബിന്ദുവും ബിജുവും പിതാവിന്റെ തീരുമാനത്തിന് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്.

Exit mobile version