മുത്തൂറ്റ് ഫിനാൻസ് കേരളം വിടുന്നു

തൊഴിലാളികളുടെ ആനുകൂല്യം അടക്കമുള്ള വിവിധ വിഷയങ്ങൾ ഉയർത്തിയാണ് സിഐടിയു സമരമെന്നാണ് സംഘടനയുടെ വിശദീകരണം.

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് മുത്തൂറ്റ് ഫിനാൻസ് ചീഫ് ജനറൽ മാനേജർ. സിഐടിയു സമരത്തെ തുടർന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ 600 ഓളം ശാഖകളുള്ള മുത്തൂറ്റ് സമരം നേരിടുന്നത് 300 ഓളം ശാഖകളിലാണ്. ഈ ബ്രാഞ്ചുകൾ പൂട്ടാനാണ് തീരുമാനം.

കഴിഞ്ഞ മൂന്നുവർഷമായി മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിൽ സിഐടിയു നേതൃത്വത്തിൽ തൊഴിലാളികളുടെ സമരം നടന്നുവരികയാണ്. സമരം തുടർന്നതോടെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി കാണിച്ചുകൊണ്ട് മുന്നൂറോളം ബ്രാഞ്ചുകൾക്ക് മുത്തൂറ്റ് സർക്കുലർ നൽകിയിട്ടുണ്ട്. രണ്ടായിരത്തോളം ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. തൊഴിൽ നഷ്ടപ്പെടുന്ന 2000ത്തോളം ജീവനക്കാരെ സംരക്ഷിക്കാനുള്ള യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്.

ഇടപാടുകാർ കുറഞ്ഞതോടെ ബിസിനസിലും ഇടിവു വന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. സമരം ഉൾപ്പെടെ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഉപഭോക്താക്കളെ വേണ്ട രീതിയിൽ പരിഗണിക്കാൻ സാധിക്കുന്നില്ല. സർവീസ് ശരിയായ രീതിയിൽ നടക്കാതെ അത് തങ്ങളുടെ സ്ഥാപനത്തെ മോശമായി ബാധിക്കുകയും പ്രവർത്തനം മികച്ച രീതിയിൽ കൊണ്ടുപോകാൻ സാധിക്കാത വരികയും ചെയ്തു. അതുകൊണ്ട് പ്രതിസന്ധി നിലനിൽക്കുന്ന ബ്രാഞ്ചുകൾ പൂട്ടുക എന്നത് മാത്രമാണ് മുന്നിലുള്ള വഴിയെന്നും മുത്തൂറ്റിന്റെ പ്രതിനിധി വ്യക്തമാക്കുന്നു.

മുത്തൂറ്റിലെ ജീവനക്കാരെ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുകയാണ്. ബ്രാഞ്ചുകൾ തുറന്നാൽ കാലും കൈയും വെട്ടുമെന്നാണ് ഭീഷണി. ബ്രാഞ്ചുകൾക്ക് മുന്നിൽ കൊടികൾ സ്ഥാപിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഈ സമരം തുടരുകയാണ്. കേരളത്തിൽ പന്ത്രണ്ട് ശതമാനം ബിസിനസ് ഉണ്ടായിരുന്നത് 4ശതമാനമായി കുറഞ്ഞു. ഈ രീതിയിൽ മുന്നോട്ടുപോയാൽ അടച്ചു പൂട്ടുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നുമാണ് മുത്തൂറ്റ് ഫിനാൻസ് ചീഫ് ജനറൽ മാനേജർ പറയുന്നത്.

എന്നാൽ, തൊഴിലാളികളുടെ ആനുകൂല്യം അടക്കമുള്ള വിവിധ വിഷയങ്ങൾ ഉയർത്തിയാണ് സിഐടിയു സമരമെന്നാണ് സംഘടനയുടെ വിശദീകരണം. നിരവധി തവണ ചർച്ച നടത്തിയെങ്കിലും മാനേജ്മെന്റ് സമയവായത്തിന് തയ്യാറാവാതിരുന്നതോടെ സമരം നീണ്ടുപോകുകയായിരുന്നു. ഇതോടെയാണ് മുത്തൂറ്റ് സംസ്ഥാനം തന്നെ വിടാൻ തീരുമാനിച്ചിരിക്കുന്നത്.

Exit mobile version