പ്രളയസമയത്ത് കേരളത്തിൽ വന്ന് സേവനം നടത്തിയതെന്തിന്; ഐഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനോട് കേന്ദ്ര സർക്കാർ

പ്രളയ കാലത്ത് കേരളത്തിൽ വന്നതിന്റെ റിപ്പോർട്ടുകൾ നൽകിയില്ലെന്ന് നോട്ടീസിൽ

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ പ്രളയകാലത്ത് സജീവമായി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, ചുമടെടുക്കുന്നത് ഉൾപ്പടെയുള്ള ജോലികൾ ചെയ്ത് സോഷ്യൽമീഡിയയുടെ മനം കവരുകയും ചെയ്ത് മലയാളി ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേന്ദ്ര സർക്കാർ. പ്രളയസമയത്ത് കേരളത്തിൽ വന്ന് സേവനം നടത്തിയതിനെ മുൻ നിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകി.
സിവിൽ സർവീസിൽ നിന്നും കഴിഞ്ഞദിവസം രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനോടാണ് കേന്ദ്രം വിശദീകരണം തേടിയിരിക്കുന്നത്.

അതേസമയം, ഉദ്യോഗസ്ഥൻ രാജിവെയ്ക്കുന്നതിന് മുമ്പായി കേന്ദ്രം ഇക്കഴിഞ്ഞ ജൂലൈയിലാണ് നോട്ടീസ് അയച്ചതെന്നാണ് വിവരം. പ്രളയ കാലത്ത് കേരളത്തിൽ വന്നതിന്റെ റിപ്പോർട്ടുകൾ നൽകിയില്ലെന്ന് നോട്ടീസിൽ ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ ശരിയല്ലെന്ന് നോട്ടീസിന് നൽകിയ മറുപടിയിൽ കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കിയിട്ടുണ്ട്.

ഗ്രാമം ദത്തെടുക്കുന്നതുൾപ്പെടെ തുടർപ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഘോഡാഭായ് പട്ടേലുമായുള്ള ചർച്ചയിൽ ധാരണയായതിനെ തുടർന്നാണു റിപ്പോർട്ട് നൽകാതിരുന്നതെന്ന് കണ്ണൻ നൽകിയ മറുപടി കത്തിൽ പറയുന്നു. കൂടാതെ മുഖ്യമന്ത്രിയെ കണ്ട് ഒരു കോടി രൂപയുടെ സഹായ വാഗ്ദാനം നൽകിയതും പട്ടേലിന്റെ സമ്മതത്തോടെയാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഈ അഡ്മിനിസ്‌ട്രേറ്റർ പട്ടേൽ വ്യക്തിവൈരാഗ്യത്തിന്റെ പുറത്ത് കേന്ദ്രത്തിന് കണ്ണൻ ഗോപിനാഥനെതിരെ തെറ്റായ വിവരങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. അടിസ്ഥാനമില്ലാത്ത നിരവധി കാര്യങ്ങൾ കാരണം കാണിക്കൽ നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കൂടാതെ, സർവീസിൽ നിന്നും രാജി വെയ്ക്കാനുള്ള കണ്ണന്റെ തീരുമാനത്തേയും പട്ടേലിന്റെ ഭാഗത്തു നിന്നുള്ള വ്യക്തിവിരോധ നടപടികളാണു സ്വാധീനിച്ചതെന്നാണ് സൂചന.

കഴിഞ്ഞവർഷത്തെ പ്രളയത്തിൽ, ആരാണെന്നു വെളിപ്പെടുത്താതെ വൊളന്റിയറായാണ് തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് കണ്ണൻ പങ്കെടുത്തത്. എറണാകുളം ജില്ലാ കളക്ടറായിരുന്നു അന്ന് കണ്ണനെ തിരിച്ചറിഞ്ഞത്. ജോലിയുടെ ഭാഗമായിട്ടല്ല ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയ്ക്കാണു സേവനം നടത്തിയതെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു.

Exit mobile version