ആ കള്ളക്കണ്ണന്‍ ഇവിടുണ്ട്; അഷ്ടമിരോഹിണി ദിനത്തില്‍ മതിമറന്ന് നൃത്തമാടിയ കൃസൃതിക്കണ്ണന്‍ വൈഷ്ണവ മനസ്സ് തുറക്കുന്നു

ഗുരുവായൂര്‍ സ്വദേശിയായ വൈഷണവയാണ് കണ്ണന്റെ വേഷത്തില്‍ ചുവടുവെച്ച് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്

അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തകര്‍ത്താടിയ കുസൃതിക്കണ്ണന്റെ പിറകെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ഒന്നടങ്കം. വെറും 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ കൊണ്ട് കാഴ്ചക്കാരുടെ മനസ് കവര്‍ന്ന ആ കള്ള കൃഷ്ണന്‍ ആരാണെന്ന് ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ്. ഗുരുവായൂര്‍ സ്വദേശിയായ വൈഷണവയാണ് കണ്ണന്റെ വേഷത്തില്‍ ചുവടുവെച്ച് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്.

അഷ്ടമി രോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മതിമറന്നു നൃത്തമാടിയ വൈഷ്ണവയുടെ വീഡിയോ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കൊടുവിലാണ് വൈറലായത്. ഇതിന് ശേഷം ഓമനത്തമുള്ള മുഖമുള്ള ആ കള്ളക്കണ്ണനെയും തേടിയുള്ള അലച്ചിലിലായിരുന്നു കാഴ്ചക്കാര്‍. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ കണ്ണനായി ആടിത്തിമര്‍ത്ത് ആളുകളുടെ ഹൃദയം കീഴടക്കിയ പെണ്‍കുട്ടി ഒടുവില്‍ വൈഷ്ണവ കെ. സുനിലാണെന്ന് കണ്ടെത്തി.

മൂന്നാം വര്‍ഷമാണ് താന്‍ ഗുരുവായൂരില്‍ കൃഷ്ണവേഷത്തില്‍ നൃത്തമാടുന്നതെന്ന് വൈഷ്ണവ ഒരു മാധ്യമത്തോടായി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഈ വര്‍ഷത്തേതല്ലെന്നും കഴിഞ്ഞ തവണ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആഘോഷത്തിനിടയിലുള്ളതാണെന്നും വൈഷ്ണവ വ്യക്തമാക്കി.

താനൊരു കൃഷ്ണ ഭക്തയാണ്. കണ്ണന്റെ ജന്മദിനത്തില്‍ ഗുരുവായൂരില്‍ ക്ഷേത്രത്തില്‍ ചെയ്ത നൃത്തം ഇത്രത്തോളം വൈറലാവുമെന്നും ആളുകള്‍ തന്നെ ശ്രദ്ധിക്കുമെന്നും സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നും വൈഷ്ണവ പറഞ്ഞു. ഒരു നിയോഗം പോലെയാണ് താനിത് കാണുന്നത്. കൃഷ്ണനാണ് എന്റെ എല്ലാം. ഇതെല്ലാം കൃഷ്ണന്‍ തരുന്നതാണെന്നാണ് എന്റെ വിശ്വാസമെന്നും വൈഷ്ണവ കൂട്ടിച്ചേര്‍ത്തു.

Exit mobile version