സംസ്ഥാനത്തെ 1038 വില്ലേജുകൾ ദുരന്തബാധിത പ്രദേശമെന്ന് സർക്കാർ

തിരുവനന്തപുരം ജില്ലയിലെ ഒരു വില്ലേജ് പോലും ദുരന്തബാധിത പ്രദേശ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

തിരുവനന്തപുരം: മഴക്കെടുതിയും ഉരുൾപൊട്ടലുമുണ്ടായ സംസ്ഥാനത്തെ 1038 വില്ലേജുകൾ ദുരന്തബാധിത പ്രദേശമെന്ന് പ്രഖ്യാപിച്ച് സർക്കാർ. മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവൻ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ ഒരു വില്ലേജ് പോലും ദുരന്തബാധിത പ്രദേശ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

ദുരന്തബാധിത വില്ലേജുകളുടെ പട്ടിക ഇങ്ങനെ: കാസർകോട് 61 വില്ലേജുകൾ, കണ്ണൂർ 95, വയനാട് 49, മലപ്പുറം 138, പാലക്കാട് 124, കോഴിക്കോട് 115, തൃശ്ശൂർ 215, എറണാകുളം 62, ഇടുക്കി 38, കോട്ടയം 59, ആലപ്പുഴ 55, പത്തനംതിട്ട 22, കൊല്ലം 5 ഇങ്ങനെയാണ് വില്ലേജുകളുടെ കണക്കുകൾ. കഴിഞ്ഞ പ്രളയ കാലത്ത് മൂന്നു ഘട്ടങ്ങളായി 1264 വില്ലേജുകളെയാണ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇത്തവണ ഒറ്റത്തവണയായി തന്നെ പട്ടിക പുറത്തിറക്കുകയായിരുന്നു.

ബാങ്കുകളുടെ വായ്പ മൊറട്ടോറിയം പ്രഖ്യാപനത്തിന് പ്രധാന മാനദണ്ഡമായി കണക്കാക്കുന്നത് ദുരന്തബാധിത പ്രദേശങ്ങളുടെ ഈ പട്ടികയാണ്. കേന്ദ്ര സഹായത്തിനുള്ള സംസ്ഥാനത്തിന്റെ അപേക്ഷ തയ്യാറാക്കുന്നതും ഇതനുസരിച്ചാണ്. പ്രളയബാധിത വില്ലേജുകളുടെ വിജ്ഞാപനം ഇറങ്ങിയതോടെ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി മൊറട്ടോറിയം സംബന്ധിച്ചുള്ള വിഷയം ഉടൻ ചർച്ച ചെയ്യും. പ്രളയത്തിൽ അകപ്പെട്ട കുടുംബങ്ങൾക്കുള്ള അടിയന്തര സഹായ വിതരണത്തിനുളള മാനദണ്ഡവും നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

Exit mobile version