‘ഈ നന്മ ലോകം അറിയണം, തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നു ലോകം മനസ്സിലാക്കണം’; നൂറ്റാണ്ടിന്റെ പ്രളയത്തില്‍ നിന്നും കേരളം കരകയറിയ അതിജീവനകഥ പറയുന്ന ഡോക്യുമെന്ററിയുമായി ഡിസ്‌കവറി ചാനല്‍

നൂറ്റാണ്ടിലെ പ്രളയത്തെ ഒത്തൊരുമയോടെ നാം അതിജീവിച്ച കഥ ലോകത്തിന് മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ഡിസ്‌കവറി ചാനല്‍.

കൊച്ചി: കേരളം അപ്രതീക്ഷിതമായി പിടിച്ചുകുലുക്കിയ പ്രളയക്കെടുതിയെ മലയാളികള്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ-ദേശ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി മറികടന്നത് ലോകത്തിന് തന്നെ മാതൃകയായിരുന്നു. നൂറ്റാണ്ടിലെ പ്രളയത്തെ ഒത്തൊരുമയോടെ നാം അതിജീവിച്ച കഥ ലോകത്തിന് മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ഡിസ്‌കവറി ചാനല്‍. ഇതുവരെ പരിചയിക്കാത്ത ആ അപ്രതീക്ഷിത അപകടത്തെ താണ്ടിയത് ഒരു നിസാര സംഭവമല്ലെന്ന് ഈ ഡോക്യുമെന്റി കാണിച്ചുതരുന്നു.

പ്രളയകാലത്തെ ആശങ്കകള്‍ക്കും ഭയങ്ങള്‍ക്കുമിടയിലും ചില ഊഷ്മളകാഴ്ചകള്‍ മനസിന് ആശ്വാസം പകര്‍ന്നിരുന്നു. നേവി ഹെലികോപ്റ്ററില്‍ നിറവയറുമായി ഉയര്‍ന്നു പൊങ്ങിയ ഗര്‍ഭിണിയായ സ്ത്രീ, അഭയം നല്‍കിയ പള്ളികള്‍, അമ്പലങ്ങള്‍, ഉയിരു പണയം വെച്ച് സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികള്‍ അങ്ങനെ പലതും ഒരിക്കല്‍ കൂടി നമുക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ഈ ഡോക്യുമെന്ററി.

ഈ ദൃശ്യങ്ങളിലൂടെ തകര്‍ന്ന കേരളത്തെയല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്നാണ് ചാനല്‍ വെസ് പ്രസിഡന്റും തലവനുമായ സുല്‍ഫിയ വാരിസ് പറഞ്ഞത്. ”കാലം മറന്നേക്കാവുന്ന ചില നന്‍മകളുണ്ട്. ആ നന്മകളെ ലോകം അറിയണം. ഒരുവലിയ തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നും ലോകം മനസ്സിലാക്കണം” സുല്‍ഫിയ പറഞ്ഞു. ഉള്‍ക്കരുത്തോടെ കേരളം നേരിട്ട പ്രളയം കേരള ഫ്ളഡ്സ്- ദി ഹ്യൂമന്‍ സ്റ്റോറി എന്ന പേരിലാണ് ഡിസ്‌കവറി ഡോക്യുമെന്ററിയാക്കിയത്.

Exit mobile version