ഓട്ടോയില്‍ ചെളി വെള്ളം തെറിപ്പിച്ചു, കാറുകാരന്റെ കരണത്തടിച്ച് പ്രതികാരം ചെയ്ത് ഓട്ടോ ഡ്രൈവര്‍; ലൈസന്‍സ് പോയി

കാര്‍ യാത്രക്കാരനായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി

കൊച്ചി: ചെളിവെള്ളം തെറിപ്പിച്ചതിന്റെ പേരില്‍ കാര്‍ യാത്രക്കാരന്റെ മുഖത്തടിച്ച ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കടവന്ത്ര സ്വദേശിയായ ഓട്ടോഡ്രൈവര്‍ ഷിജോ ജോര്‍ജിന്റെ ലൈസന്‍സാണ് എറണാകുളം ആര്‍ടിഒ കെ മനോജ്കുമാര്‍ ആറ് മാസത്തേക്ക് സസ്‌പെന്ഡ് ചെയ്തത്. കാര്‍ യാത്രക്കാരനായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കഴിഞ്ഞ ദിവസം നോര്‍ത്ത് മേല്‍പ്പാലത്തില്‍ വെച്ചായിരുന്നു സംഭവം. കാര്‍ യാത്രക്കാരന്‍ ഓട്ടോയെ മറികടക്കുന്നതിനിടെ വണ്ടിയില്‍ ചെളിവെള്ളം തെറിച്ചു. ഇതില്‍ ക്ഷുഭിതനായ ഷിജോ കാറിനെ തടഞ്ഞു നിര്‍ത്തി, ശേഷം കാര്‍ ഡ്രൈവറുടെ കരണത്തടിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

തുടര്‍ന്ന് എറണാകുളം ആര്‍ടിഒ കെ മനോജ്കുമാര്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇതിനിടെ കാര്‍ ഡ്രൈവിങ് പഠിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ യുവതികളോട് മോശമായി സംസാരിച്ച മറ്റൊരു ഓട്ടോ ഡ്രൈവറുടെ ലൈസന്‍സും ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു.

Exit mobile version