ശബരിമലയില്‍ വാഹനങ്ങള്‍ക്ക് പാസ്; സഞ്ചാരസ്വാതന്ത്ര്യം തടയുന്ന തീരുമാനമല്ല; സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി

വാഹനം പുറപ്പെടുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നാണ് പാസ് വാങ്ങേണ്ടത്. പാസുള്ള വാഹനങ്ങളെ മാത്രമേ നിലയ്ക്കലും മറ്റും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.

കൊച്ചി: ശബരിമലയിലെ സംഘര്‍ഷങ്ങള്‍ മുന്നില്‍ കണ്ട് ഭക്തര്‍പാസ് നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ തീരുമാനം സഞ്ചാര സ്വാതന്ത്ര്യത്തെ തടയുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കാനുള്ള പോലീസ് തീരുമാനത്തിനെതിരെ തൃശൂര്‍ സ്വദേശി സുനില്‍ കുമാറാണ് ഹര്‍ജി നല്‍കിയത്. വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അതേസമയം, ക്രമസമാധാനം ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ചുമതലയാണെന്നും കോടതി വ്യക്തമാക്കി.

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിലെത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പോലീസ് പാസ് നിര്‍ബന്ധമാക്കുന്നതായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. വാഹനം പുറപ്പെടുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നാണ് പാസ് വാങ്ങേണ്ടത്. പാസുള്ള വാഹനങ്ങളെ മാത്രമേ നിലയ്ക്കലും മറ്റും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. വണ്ടിയുടെ മുന്‍ ഗ്ലാസില്‍ പാസ് പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന വാഹനങ്ങള്‍ക്കും പാസ് ബാധകമാണ്. ഇതരസംസ്ഥാനക്കാര്‍ കേരളത്തിലെ ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ നിന്നു പാസ് വാങ്ങണമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്.

Exit mobile version