മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ഹർജി; സ്വയം പ്രശസ്തിക്ക് വേണ്ടിയല്ലേ; പിൻവലിച്ചോ എന്ന് ഹൈക്കോടതി

പ്രളയത്തിന് ഉത്തരവാദികൾ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമാണെന്നും അവർ സ്ഥാനമൊഴിയണമെന്നും ആയിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.

കൊച്ചി: സംസ്ഥാനത്തെ ദുരിതത്തിലാക്കിയ പ്രളയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചയാളെ കണ്ടം വഴിയോടിച്ച് ഹൈക്കോടതി. സ്വയം പ്രശസ്തിക്ക് വേണ്ടി സമർപ്പിച്ച ഹർജി പിൻവലിച്ചില്ലെങ്കിൽ ചെലവ് സഹിതം തള്ളുമെന്ന ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഇതോടെ ഹർജി പിൻവലിച്ച് ഹർജിക്കാരൻ മുങ്ങുകയും ചെയ്തു.

കോടതിയുടെ പരിഗണയിൽ ഉള്ള അമിക്കസ് ക്യൂറി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെയും മാധ്യമവാർത്തകളുടെയും അടിസ്ഥാനത്തിലായിരുന്നു ഹർജി. പ്രളയത്തിന് ഉത്തരവാദികൾ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമാണെന്നും അവർ സ്ഥാനമൊഴിയണമെന്നും ആയിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.

എന്നാൽ അമിക്കസ്‌ക്യൂറി റിപ്പോർട്ടിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹർജി നൽകുക എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജിക്കാരനോട് ചോദിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അല്ല പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി പബ്ലിസിറ്റിക്ക് വേണ്ടി ദുരുദ്ദേശപരമായാണ് ഹർജി നൽകിയിരിക്കുന്നതെന്നും നിരീക്ഷിച്ചു. വലിയ പിഴ അടക്കേണ്ട കേസാണിതെന്നു കോടതിയുടെ മുന്നറിയിപ്പ് കേട്ടതോടെ ഹർജിക്കാരൻ ഹർജി പിൻവലിക്കുകയായിരുന്നു.

Exit mobile version