സംഹാര താണ്ഡവമാടി പേമാരി കൊണ്ടുപോയത് വീടുകളും ജീവനുകളും മാത്രമല്ല, മനസുകളേയും; മാനസികമായി തകർന്ന് പ്രളയബാധിതർ; കൂടെയുണ്ടെന്ന് സർക്കാർ

പ്രളയബാധിതരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ കണ്ടുനിൽക്കുന്നവരും കുഴങ്ങുകയാണ്.

മലപ്പുറം: ഒരു മഴ അതിന്റെ എല്ലാ തീവ്രതയും കാണിച്ച് സംഹാരതാണ്ഡവമാടിയപ്പോൾ പലർക്കും എന്നന്നേയ്ക്കുമായി നഷ്ടമായത് സ്വന്തമെന്ന് വിളിക്കാവുന്ന എല്ലാത്തിനേയും ആയിരുന്നു. ഉറ്റവരും ബന്ധുക്കളും വീടും നഷ്ടപ്പെട്ടവർക്ക് മുന്നിൽ ഇപ്പോൾ കൂരിരുട്ടാണ്. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ ഇവരുടെയെല്ലാം മനസും കൈവിട്ടുതുടങ്ങിയിരിക്കുന്നു. പ്രളയദുരന്തത്തിൽ അകപ്പെട്ട മിക്കവരുടേയും മാനസികനില തകർന്ന നിലയിലാണ്. പെട്ടെന്നുണ്ടായ ആഘാതത്തിൽ സംസാരിക്കാനും ഒന്നു പൊട്ടിക്കരയാൻ പോലും സാധിക്കാതെ വിറങ്ങലിച്ചു നിൽക്കുന്ന പ്രളയബാധിതരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ കണ്ടുനിൽക്കുന്നവരും കുഴങ്ങുകയാണ്.

കനത്തമഴയും മഴക്കെടുതിയും വീടും വീടു നിന്ന സ്ഥലവും തുടച്ചുനീക്കിയപ്പോൾ വിലങ്ങാട് സ്വദേശി അതുലിന് നഷ്ടമായത് അച്ഛനും അമ്മയും കൂടെപിറന്ന സഹോദരനേയുമായിരുന്നു. 21 വർഷം നിഴലായി നിന്ന ഇവരുടെ വേർപാടിൽ മാനസികമായി തകർന്നുപോയിരിക്കുകയാണ് അതുൽ. സഹോദരൻ അജിൻ മാത്രമാണ് അതുലിന് ഇനി താങ്ങായി ബാക്കിയുള്ളത്. ഇനിയും സാധാരണനിലയിലേക്ക് എത്താത്ത അതുൽ പാലൂരെ തറവാട്ടുവീട്ടിലാണ് കഴിയുന്നത്. സുഹൃത്തുക്കൾ മാറി മാറി സദാസമയവും ഈ യുവാവിന് കാവൽ നിൽക്കുകയാണ്. കൂട്ടായുള്ള അജിനാകട്ടെ ദുരന്തത്തെ കുറിച്ച് ഓർക്കാൻ പോലും സാധിക്കാതെ കുഴങ്ങുകയാണ്. ‘മഴയായിട്ട്, ഒരു പ്രാവശ്യം ഇടിഞ്ഞ്, ഒന്നു കെട്ടിയതാ, പിന്നേം, അവിടെ വെള്ളം ഇറങ്ങീട്ടാ…വെള്ളം പോകാൻ സ്ഥലമില്ല. വെള്ളമിറങ്ങീട്ട്, അങ്ങനെ പറ്റീതാ..’ ഉരുൾപൊട്ടലിനെ കുറിച്ച് അജിനോർത്തെടുക്കുന്നത് ഇതുമാത്രം.

അതുലിന്റെയും അജിന്റെയും മാത്രമല്ല, എല്ലാം തകർത്ത് മലവെള്ളം ഇരച്ചിറങ്ങിയപ്പോൾ മാനസികമായി തളർന്ന നിരവധിപേരുണ്ട് ഇവിടെ ആലിമൂലയിൽ. ഉരുൾപൊട്ടലിൽ നാല് പേർ മരിക്കുകയും 12 വീടുകൾ തകരുകയും ചെയ്ത ആലിമൂലയിലെ ജനങ്ങളും മാനസികമായി തകർന്നിരിക്കുകയാണ്. ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് അമ്മമാരും കുഞ്ഞുങ്ങളും മുക്തരായിട്ടില്ല. ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ മക്കളും അമ്മമാരും കരഞ്ഞിരിക്കുന്ന കാഴ്ചയാണ് ഇവിടെ ബാക്കിയാകുന്നത്.

പുത്തുമലയിലും കവളപ്പാറയിലും ഉൾപ്പടെ ദുരന്തം വിഴുങ്ങിയ മേഖലകളിലെല്ലാം അവസ്ഥ ഇതുതന്നെ. മാനസികമായി തകർന്നവരാണ് ചുറ്റും. മാനസിക ആഘാതം ഏറെ അനുഭവിക്കുന്നത് കുട്ടികളാണ്. തകർന്നുപോയ മനസിനെ പേടിയിൽ നിന്നും കരകയറ്റാൻ വിദഗ്ധ സഹായം ആവശ്യമാണ്. ഈ പശ്ചാത്തലത്തിൽ പ്രളയബാധിത മേഖലകളിൽ ക്യാംപുകളിലും വീടുകളിലുമെത്തി മനശാസ്ത്ര വിദഗ്ധർ കൗൺസിലിങ് നൽകുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ അറിയിച്ചിരിക്കുകയാണ്. എല്ലാ ക്യാംപുകളിലും കൗൺസിലേഴ്‌സ് പോകുന്നുണ്ട്. അവിടെയുള്ള ആളുകളെ കൗൺസിലിങ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനി ടീമിനെ വീടുകളിലേക്ക് അയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിലർക്ക് ഒരു ട്രീറ്റ്‌മെന്റ് തന്നെ ആവശ്യംവരും. അതിനുതക്ക രീതിയിൽ വലിയ ഗുരുതര പ്രശ്‌നങ്ങളിലേക്ക് മാറുന്നുണ്ടെന്നും ആരോഗ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചു.

Exit mobile version