സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹം; പുറത്തെടുക്കാനാകാതെ രക്ഷാപ്രവർത്തകർ

മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചു വരികയാണ്.

മേപ്പാടി: വയനാട്ടിലെ പുത്തുമലയിൽ ഉരുൾപൊട്ടൽ അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നിലവിൽ മൃതദേഹം പുറത്തെടുക്കാനാവുന്ന അവസ്ഥയിലല്ലെന്ന് സംഭവസ്ഥലം സന്ദർശിച്ച വിദഗ്ധ സംഘം വിലയിരുത്തി. മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചു വരികയാണ്. കഴിഞ്ഞ ആറ് ദിവസവും രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും നടത്തിയ തെരച്ചിലിൽ ഒരു മൃതദേഹം പോലും കണ്ടെത്തിയിരുന്നില്ല.

വളപ്പാറയിൽ ഉപയോഗിക്കുന്ന ജിപിആർ സംവിധാനം പുത്തുമലയിൽ ഉപയോഗിക്കാനും ആലോചനയുണ്ട്. അത്യാധുനിക സംവിധാനമായ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ ഉപയോഗിച്ചാണ് കവളപ്പാറയിൽ തെരച്ചിൽ നടത്തുന്നത്.

അതേസമയം, ഇനി ആറ് പേരെയാണ് പുത്തുമലയിൽ നിന്ന് കണ്ടെത്താനുള്ളത്. എൻഡിആർഎഫ് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ആദ്യം സന്നദ്ധപ്രവർത്തകരാണ് സൂചിപ്പാറയിലെ മൃതദേഹം കണ്ടത്.

ഇതിനിടെ, കവളപ്പാറയിലടക്കം, ദുരിതബാധിതരെ ശാശ്വതമായി പുനരധിവസിപ്പിക്കുമെന്ന് ശനിയാഴ്ച സ്ഥലം സന്ദർശിച്ച മന്ത്രി എകെ ബാലൻ വ്യക്തമാക്കിയിരുന്നു.

Exit mobile version