കെഎം ബഷീറിന്റെ ഫോൺ കാണാതായത് ദുരൂഹം; മൊഴി വൈകിയതാണ് രക്തപരിശോധന വൈകിച്ചതെന്ന വാദം തെറ്റെന്നും സിറാജ് മാനേജർ

മൊഴി നൽകാൻ വൈകിയത് കാരണം കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

തിരുവനന്തപുരം: കെഎം ബഷീർ കേസിൽ പോലീസിന്റെ വിചിത്രവാദങ്ങളെ തള്ളി സിറാജ് പത്രം. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പോലീസ് വാദങ്ങളെയാണ് സിറാജ് പത്രം മാനേജർ സെയ്ഫുദ്ദീൻ ഹാജി തള്ളിയത്. ബഷീർ മരിച്ചശേഷം സിറാജ് പത്രത്തിന്റെ മാനേജരുടെ മൊഴി വൈകിയതാണു രക്തപരിശോധന വൈകുന്നതിനു കാരണമായതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. മൊഴി നൽകാൻ വൈകിയത് കാരണം കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് സെയ്ഫുദ്ദീൻ ഹാജി പറഞ്ഞു.

അപകടശേഷം മരിച്ച കെഎം ബഷീറിന്റെ ഫോൺ കാണാതായതു ദുരൂഹമാണ്. ഫോൺ നഷ്ടമായതിന് ഒരു മണിക്കൂർ ശേഷം അത് ആരോ ഉപയോഗിച്ചു. ബഷീറിന്റെ ഫോൺ കാണാതായ സംഭവത്തിൽ അന്വേഷണം വേണമെന്നും സെയ്ഫുദ്ദീൻ ഹാജി ആവശ്യപ്പെട്ടു.

അതേസമയം, സിറാജ് പത്രത്തിന്റെ മാനേജർ സെയ്ഫുദ്ദീൻ ഹാജി ആദ്യം മൊഴി നൽകാനായി തയ്യാറായില്ലെന്നും വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നൽകൂ എന്ന് പറഞ്ഞുവെന്നും പിന്നീട് സെയ്ഫുദ്ദീൻ ഹാജി മൊഴി നൽകിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാൻ കഴിഞ്ഞുള്ളൂവെന്നുമാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തമെടുക്കാൻ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീൻ തറയിൽ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഇതിനിടെ, കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്‌ഐ ജയപ്രകാശിനെ സസ്പെൻഡ് ചെയ്തിരുന്നു. രക്തപരിശോധന നടത്തുന്നതിലും എഫ്‌ഐആർ രേഖപ്പെടുത്തുന്നതിലും എസ്‌ഐ വീഴ്ച വരുത്തിയതായി വ്യക്തമായിരുന്നു. കേസന്വേഷണത്തിൽ നിന്ന് മ്യൂസിയം സിഐയുടെ നേതൃത്വത്തിലെ സംഘത്തെ മാറ്റുകയും ചെയ്തിട്ടുണ്ട്.

Exit mobile version